KeralaLatest NewsNews

സ്വര്‍ണക്കടത്ത് : യൂണിയന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട്ടേ വ്യവസായിയെ ചോദ്യം ചെയ്തു

കൊച്ചി • സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. യൂണിയന്‍ നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ചില രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്​നയും സന്ദീപും രക്ഷപ്പെട്ടത് ഈ നേതാവിന്റെ കാറിലാണെന്നും സൂചനയുണ്ട്. കാര്‍ രണ്ട് ദിവസമായി കാണാനില്ല. ബാഗേജ് വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ഈ നേതാവ് ആണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വ്യവസായിയെയും കസ്റ്റംസ് ചോദ്യം ചെയ്തു. കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയാണ് ചോദ്യം ചെയ്തത്. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോള്‍ പോയത് നിസാറിനായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇയാള്‍ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന.

അതേസമയം, സ്വപ്നയുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരത്തെ കാര്‍ വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്‍റെ ഭാര്യയെ ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button