Latest NewsNewsIndia

ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു

ന്യൂഡല്‍ഹി : ലഡാക്കില്‍ വീണ്ടും ഇന്ത്യ പട്രോളിങ്ങിന് ഇറങ്ങുന്നു. മാസങ്ങള്‍ക്കു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തമായതോടെയാണ് ഇന്ത്യ ലഡാക്കില്‍ പട്രോളിംഗിനിറങ്ങുന്നത്. പാംഗോങ് തടാകത്തിനു സമീപത്തെ പ്രദേശങ്ങളിലാണ് ഇന്ത്യ പട്രോളിങ് ആരംഭിയ്ക്കുന്നത്. തടാകത്തിനടുത്തെ ‘ഫിംഗേഴ്‌സ്’ മേഖലയില്‍ ഇന്ത്യ പട്രോളിങ് തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണു റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈനികര്‍ കടന്നുകയറിയതിനുശേഷം ഇന്ത്യ ഇവിടങ്ങളില്‍ പരിശോധന നടത്തിയിട്ടില്ല. ‘പട്രോളിങ് നിര്‍ത്തിയിരുന്നെങ്കിലും സാഹചര്യം സമാധാനപരമാകുമ്പോള്‍ ആരംഭിക്കും. ഇന്ത്യയുടെ ഓരോ സ്ഥലവും നേരിട്ടു പരിശോധിക്കും’- സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Read Also : ഇന്ത്യ-ചൈന സംഘര്‍ഷം : ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും ജപ്പാന്‍ : ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്രബന്ധം

8 ഫിംഗേഴ്‌സ്’ എന്നു വിളിക്കപ്പെടുന്ന മലമ്പ്രദേശങ്ങളില്‍ പട്രോളിങ് നടത്താനുള്ള അവകാശവാദം തുടക്കം മുതല്‍ ഇന്ത്യ നടത്തുന്നതാണ്. പാംഗോങ് തടാകത്തിന് വടക്കുള്ള എട്ട് മലനിരകളില്‍ നാല് എണ്ണമാണു നിലവില്‍ ഇന്ത്യയുടെ ഭാഗത്ത് ഉള്ളത്. എട്ട് വരെയുള്ള 8 കിലോമീറ്റര്‍ വരുന്ന ബാക്കി മലനിരകള്‍ തര്‍ക്കമേഖലയിലാണ്. എട്ടാമത്തെ മലനിര വരെയാണ് യഥാര്‍ഥ അതിര്‍ത്തിയെന്നാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ അതിര്‍ത്തി നാലാം മലയിലാണെന്നു ചൈനയും വാദിക്കുന്നു. നാലില്‍നിന്ന് എട്ടിലേക്കു പോകുന്ന ഇന്ത്യന്‍ സേനയെ തടഞ്ഞതും ഫിംഗര്‍ നാലില്‍ ചൈന ടെന്റ് സ്ഥാപിച്ചതുമാണു സംഘര്‍ഷത്തിലേക്കു നയിച്ചത്.

ഫിംഗര്‍ നാല് മുതല്‍ എട്ട് വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ചൈന വിട്ടുപോകുമെന്നാണു ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷം തുടങ്ങിയതുമുതല്‍ തര്‍ക്ക മേഖലയില്‍ 186ല്‍ അധികം ടെന്റുകള്‍ ചൈന നിര്‍മിച്ചിരുന്നുവെന്നാണു ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമായത്. സംഘര്‍ഷത്തിന് അയവുവന്നതോടെ ചൈനീസ് സൈനികരുടെ വിന്യാസത്തിലും കുറവുണ്ടായിട്ടുണ്ട്. ഗല്‍വാന്‍ താഴ്‌വര, ഹോട് സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്ന് 2 കിലോമീറ്ററോളം പിന്നോട്ടു പോകാന്‍ ഇന്ത്യയും ചൈനയും ധാരണയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button