Latest NewsNews

‘നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന’; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഉമ്മൻചാണ്ടിയുടെ കുറിപ്പ്

തിരുവനന്തപുരം : യുഡിഎഫ് നേതാക്കൾ നെറികേട് കാട്ടുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്ന ഉമ്മൻ ചാണ്ടി ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്താണ് സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നും കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങൾക്കാണ് മറുപടി നൽകുന്നത്.

ഉമ്മൻചാണ്ടിയുടെ കുറിപ്പ്:

നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ.

1) സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്.
2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും.
2) സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു.
എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു.
3) കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് അടുത്ത ബന്ധമുണ്ടന്നു സ്ഥാപിക്കാന്‍ എന്നോടൊപ്പം നില്ക്കുന്ന ഫോട്ടോ.
കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ സച്ചിനോടൊപ്പം നില്കുന്ന ഫോട്ടോയാണത്. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അന്നു കോട്ടയത്തെത്താന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഞായറാഴ്ചയാണ് സച്ചിനെ കണ്ട് ആശംസകള്‍ അറിയിച്ചത്. സച്ചിനോടൊപ്പം എടുത്ത ഫോട്ടോയാണ് ഈ രീതിയില്‍ വക്രീകരിച്ചത്. സങ്കടകരമായിപ്പോയി.
4) സ്വപ്‌ന സുരേഷിന് ജോലി കിട്ടാന്‍ ശശി തരുര്‍ എംപിയും കെസിവേണുഗോപാല്‍ എംപിയും ശിപാര്‍ശ ചെയ്തു. കെസി വേണുഗോപാലിനെതിരേ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.
ശശി തരൂരും കെസി വേണുഗോപാലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.
5) കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്‌ന സുരേഷ്.
അങ്ങനെയൊരു മരുമകള്‍ തനിക്കില്ലെന്നു രവി വ്യക്തമാക്കി.
നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button