KeralaLatest NewsNews

രാജ്യദ്രോഹ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നൽകി: പി.സുധീർ

തിരുവനന്തപുരം: രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതികൾക്ക് സഹായം നൽകുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചെന്ന് വ്യക്തമായിരിക്കെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പടെയുള്ളവർ കള്ളക്കടത്തിന് സഹായികളായി. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും സുധീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടാതെ സിപിഎമ്മും സ്വർണ്ണ കള്ളക്കടത്ത് പ്രതികൾക്ക് സഹായവും സംരക്ഷണവും നൽകുന്നുണ്ട്. പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാനുള്ള സഹായം നൽകിയത് സർക്കാരും സിപിഎമ്മുമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സത്യം പുറത്തു വരികയും വ്യക്തത ഉണ്ടാകുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് സ്വപ്ന യുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. ഐ ടി വകുപ്പിൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് സ്വപ്നയെ നിയമിച്ചത്. അവരുടെ യോഗ്യത സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. തന്ത്രപ്രധാനമായ സർക്കാർ ചടങ്ങുകളുടെ സംഘാടകയായിരുന്നതും സ്വപ്നയാണ്. ഇത്രയേറെ സ്വാധീനമുള്ള സ്ത്രീയാണ് കള്ളക്കടത്തിൻ്റെ സൂത്രധാര. എൻഐഎ യുടെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വഴിവിട്ട ഇടപെടലുകളെ കുറിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്.

സർക്കാരിലെ ഉന്നതർക്കും സിപിഎം നേതാക്കൾക്കും സ്പീക്കർക്കും വരെ പ്രതികളുമായുള്ള അടുത്ത ബന്ധം പുറത്തു വന്ന സ്ഥിതിക്ക് അന്വഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പി.സുധീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button