COVID 19Latest NewsNewsIndia

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കെത്തിക്കാൻ ട്രാക്റ്റർ ഡ്രൈവറായി ഡോക്ടർ

ഹൈദരാബാദ് : കോവിഡ് ബാധിച്ച് രിച്ചയാളുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകാൻ ട്രാക്റ്റർ ഡ്രൈവർ വിസ്സമ്മതിച്ചതിനെ തുടർന്ന് ഡോക്ടർ ഡ്രൈവറായി എത്തി.  തെലങ്കാനയിലെ പെടാപ്പള്ളി ജില്ലയിലാണ് കോവിഡ് പോരാട്ടത്തിലെ മുൻനിര പോരാളിയായ 45കാരനായ ഡോക്ടർ സ്റ്റെതസ്കോപ്പ് മാറ്റിവച്ച് ഡ്രൈവറുടെ കുപ്പായം അണിഞ്ഞത്.

പെടാപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ ഒരു രോഗി കോവി‍ഡ് ബാധിച്ച് മരിച്ചിരുന്നു. ജില്ലയിലെ ആദ്യ കോവിഡ് മരണം കൂടിയായിരുന്നു ഇത്. ആശുപത്രിയിൽ ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ ഇയാളുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടു പോകുന്നതിന് ട്രാക്റ്ററായിരുന്നു ഏർപ്പെടുത്തിയത്. എന്നാൽ രോഗവ്യാപന ഭീതിയിൽ ഈ ജോലി ചെയ്യാൻ ട്രാക്റ്റർ ഡ്രൈവർ പിന്മാറുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ജില്ലയിലെ നിരീക്ഷണ ഉദ്യോഗസ്ഥനായ ഡോക്ടറോടെ വിവരം പറയുകയായിരുന്നു. ഇതോടെ ഡ്രൈവറുടെ വേഷം ഏറ്റെടുക്കാൻ അദ്ദേഹം തന്നെ നേരിട്ടിറങ്ങി.

ജില്ലാ ആശുപത്രിയിലെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്. ആളുകള്‍ക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ജീവനക്കാർക്ക് പരിശീലനം നൽകിയിരുന്നുവെങ്കിലും അവർ മടിച്ചു നിന്നു. കോർപ്പറേഷൻ അധികൃതരുടെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ട്രാക്റ്റർ ഡ്രൈവർ സഹകരിക്കാൻ തയ്യാറായിരുന്നില്ല എന്നാണ് ഡോക്ടർ പെണ്ഡ്യാല ശ്രീറാം പറയുന്നത്. രോഗിയുടെ വീട്ടുകാരും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സാഹചര്യത്തിൽ ഡോക്ടർ തന്നെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മൃതേദഹം പൊതിയുന്നതിനായി പിപിഇ കിറ്റുകളും ബോഡി ബാഗുകളും കളക്ടര്‍ ഇടപെട്ട് എത്തിച്ചു നൽകി. അതേസമയം ഡോക്ടറുടെ ഈ അപൂർവ പരിശ്രമം ശ്രദ്ധ നേടുകയും ചെയ്തു. മരണപ്പെട്ടയാൾക്ക് അർഹിക്കുന്ന പരിഗണന നൽകി പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം മറവു ചെയ്യാനെത്തിയ ഡോക്ടറുടെ നടപടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.

ഡോക്ടറെ അഭിനന്ദിച്ച് തെലങ്കാന ധനമന്ത്രി ഹരീഷ് റാവു രംഗത്തെത്തിയിട്ടുണ്ട്. ‘മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നിങ്ങൾ. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പ്രചോദനം’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button