Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍ കഴിയുമെന്നും ഇന്റലിജന്‍സ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പില്‍ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ പല നിര്‍ണ്ണായക ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതിനാലാണോ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിരന്തരം ശ്രമിക്കുന്നതെന്നും മുന്‍ ഐടി സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി അടുത്തബന്ധം ഉണ്ടായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് തെളിവുകളില്ല എന്നാണെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷ് എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരന്തരം ഫോണില്‍ വിളിച്ചത്. കവലകള്‍ തോറും ബാരിക്കേഡ് പണിത് ഓരോ വാഹനവും പരിശോധിച്ച് കൊണ്ടിരിക്കുന്ന കേരള പൊലീസ് അറിയാതെ കള്ളക്കടത്ത് നായകനും നായികയും ബംഗളൂരുവിലെത്തി എന്നത് ആഭ്യന്തര വകുപ്പിന് തന്നെ അപമാനമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് ഒരിക്കലും സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എത്ര സുരക്ഷാ കവചം ഒരുക്കിയാലും ശിവശങ്കറിനെ രക്ഷിക്കാനാവില്ലെന്നും വിവിധ കരാറുകളിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും ഈ സര്‍ക്കാര്‍ അഴിമതിയുടെ അഴുക്കുചാലില്‍ മുങ്ങിനിവര്‍ന്നതാണെന്നും രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യം. കോവിഡിനെ മറയാക്കി പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ അത് വിലപ്പോകില്ല. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അതിന്റെ വെറും ഒരു സൂചനയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ജില്ലാ കളക്ട്രേറ്റുകളിലേക്ക് നടന്ന പ്രതിഷേധ ധര്‍ണ്ണയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button