KeralaLatest NewsNews

ഹയർ സെക്കൻഡറി ഫലം ഇന്ന്, കീം പ്രവേശന പരീക്ഷ 16ന്

തിരുവനന്തപുരം • 2019-2020 അധ്യയന വർഷത്തെ ഹയർ സെക്കൻററി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിർപ്പും സംശയങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നമ്മുടെ വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.

വീടിനടുത്തു തന്നെയുള്ള സ്‌കൂളുകളിൽ പരീക്ഷയെഴുതുന്നതിനുള്ള അവസരം നൽകി. അകലെയുള്ള വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിച്ചു. ലക്ഷദ്വീപിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അവിടെ വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകൾ ഹയർ സെക്കൻററി സ്‌കൂളുകളിലെത്തിച്ച് പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി. വിവിധ സർക്കാർ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷപോലെ തന്നെ മൂല്യനിർണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ 3020 അധ്യാപകരെ കൊവിഡ് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂൺ 24ന് മൂല്യനിർണ്ണയം പൂർത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പിനെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

2020-21 വർഷത്തെ എഞ്ചിനീയറിങ്/ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ്. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ ഡെൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.

ഏപ്രിൽ 20, 21 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ൻമെൻറ് സോൺ, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ നടത്തിയത്. വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റിയും കുറ്റമറ്റ രീതിയിൽ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവർത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെർമൽ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവർക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കും ക്വാറൻറൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക റൂമുകൾ സജ്ജീകരിക്കും. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേകസർവ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ സർവ്വീസ് നടത്തും. കൂടാതെ ‘ബസ് ഓൺ ഡിമാൻഡ്’ പദ്ധതിയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പർസ്‌പ്രെഡ് മേഖലകളിൽ നിന്നുള്ള 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെൻറ് ആൻറണീസ് എച്ച്എച്ച്എസിൽ പരീക്ഷയെഴുതാം. ഡെൽഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് ഇ-ജാഗ്രതാ പോർട്ടൽ വഴി ‘ഷോർട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button