COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധം: ജില്ലകളിലെ പ്രവർത്തനങ്ങൾ സഹായിക്കാൻ 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല

തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കെ. ഇമ്പാശേഖർ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖർ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആർ പ്രേംകുമാർ (ഇടുക്കി), ജറോമിക് ജോർജ് (എറണാകുളം), ജീവൻബാബു (തൃശൂർ, എസ്. കാർത്തികേയൻ (പാലക്കാട്), എൻ.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവൻ (വയനാട്), വി. വിഗ്‌നേശ്വരി (കോഴിക്കോട്), വി.ആർ.കെ. തേജ (കണ്ണൂർ), അമിത് മീണ (കാസർകോട്) എന്നിവരാണ് ഉദ്യോഗസ്ഥർ.

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻററുകളും റിവേഴ്‌സ് ക്വാറൻറൈൻ സെൻററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടർമാർക്ക് ഈ ഓഫീസർമാർ സഹായം നൽകും.

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏതാനും ദിവസങ്ങളായി കൂടുതലാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവർ പൂന്തുറ കൊട്ടക്കൽ, പുല്ലുവിള, വെങ്ങാനൂർ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

ഈ സാഹചര്യത്തിൽ ചില പ്രത്യേക പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടെ പുതിയ കണ്ടെയിൻമെൻറ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും നിലവിലെ നില തൃപ്തികരമായതിനാൽ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോണുകളിൽ പൊതുജനങ്ങൾക്കു എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങൾ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷൻ വിതരണം പൂർത്തിയായി.

എറണാകുളം ജില്ലയിൽ സമ്പർക്കം മൂലമുള്ള രോഗബാധ വർധിച്ച ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. റേഷൻ സാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിനു വേണ്ടിയും സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു. സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

ആലപ്പുഴ ജില്ലയിൽ ഇന്ന് 34 പേർക്ക് രോഗബാധയുണ്ടായതിൽ 15ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേർത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേൽ, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവയിൽ ഉൾപ്പെട്ട മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെൻറ് സോണുകളാണ്. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.

ആകെ 130 ഐടിബിപി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റുകയും നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിയുന്നവർ, അഗതികൾ, മാനസിക ദൗർബല്യമുള്ളവർ എന്നിവരെ സുരക്ഷിതമായി പാർപ്പിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാഗ്രതാപൂർണ്ണമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്. രണ്ടു പേരിൽനിന്ന് 53 പേർക്ക് രോഗബാധയുണ്ടായെന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയവരെ മുഴുവൻ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കി.

ഉപയോഗശൂന്യമായ മാസ്‌കുകളും കയ്യുറകളും അശ്രദ്ധമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതും വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത ഇതുമൂലം വർധിക്കുകയാണ്. അതുകൊണ്ട്, ഉപയോഗശൂന്യമായ മാസ്‌കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button