Latest NewsNewsInternational

വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ്‌ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് സെപ്റ്റംബർ-ഡിസംബർ സെമസ്റ്ററിലെ പഠനം മുഴുവനായും ഓൺലൈനിലേക്ക് മാറ്റുന്ന സർവകലാശാലകളിലെ വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണണെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ടി വരുമെന്നുംഭരണകൂടം അറിയിച്ചത്.

എന്നാൽ ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ മുൻനിര ടെക്നോളജി കമ്പനികളും കൂട്ടുചേർന്നതോടെയാണ് ഭരണകൂടം തീരുമാനമുപേക്ഷിച്ചത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിദേശവിദ്യാർഥികൾക്ക് മേൽ പുതിയ താത്‌ക്കാലികവിസാനയം നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പുനരാരംഭിക്കാനിരിക്കുന്ന പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സർവകലാശാലകൾ ഹർജിയിൽ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷൻ ഫീസിനത്തിൽ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ന്യൂജഴ്സി, കൊളറാഡോ, കൊളംബിയ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ സർവകലാശാലകൾ നൽകിയ കേസുകളിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫെയ്സബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ കക്ഷി ചേർന്നിരുന്നു. പുതിയ വിസ നിർദേശങ്ങൾ റിക്രൂട്ടിങ് പദ്ധതികളെ തടസപ്പെടുത്തുമെന്ന് വാദിച്ചു കൊണ്ട് യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ഐടി അഡ്വക്കസി ഗ്രൂപ്പ് എന്നിവർ താത്‌ക്കാലിക നിരോധനം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും കമ്പനികൾ പങ്കു ചേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button