Latest NewsNewsIndia

2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയുമാണ് യഥാര്‍ത്ഥത്തില്‍ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്തെത്തിരിക്കുകയാണ്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് മോദി സര്‍ക്കാരിന്റെ നയങ്ങളെ അടച്ചാക്ഷേപിച്ച് രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയല്‍ക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയില്‍ ഉണ്ടായ പ്രശ്‌നമാണ് യഥാര്‍ത്ഥത്തില്‍ നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ചൈനയെ ഇത്രയും അക്രമണാത്മകമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രരിപ്പിച്ച ഘടകം എന്താണ്? ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിനെതിരെ നീങ്ങാന്‍ കഴിയുന്ന ആത്മവിശ്വാസം ചൈനക്ക് നല്‍കിയതാര്? എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വീഡിയോയിലൂടെ രാഹുൽ ഗാന്ധി പറയുന്നത്.

2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുര്‍ബലമാക്കി, നമ്മളെ അരക്ഷിതരാക്കി വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

‘ ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. അത് അയല്‍രാജ്യങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. അത് സമ്പദ് വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷം എന്താണ് സംഭവിച്ചത്?, ഈ മേഖലകളിലെല്ലാം രാജ്യത്തെ അസ്വസ്ഥതപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ‘ രാഹുല്‍ പറഞ്ഞു. ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോള്‍ ഒരു അനുഷ്ഠാനം മാത്രമായി മാറി. ഇടപാടുണ്ട് എന്നല്ലാതെ തന്ത്രപരമായ ഒന്നും ഇല്ല രാഹുല്‍ പറഞ്ഞു.

നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും നേരത്തെ നമ്മുടെ സുഹൃത്തുക്കളായിരുന്നു. പാകിസ്താനൊഴികെ എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യവുമായി അവര്‍ പങ്കാളിത്തമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ നേപ്പാള്‍ നമ്മോട് ദേഷ്യത്തിലാണ്. ശ്രീലങ്ക ഒരു തുറമുഖം തന്നെ ചൈനക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. നമ്മുടെ അയല്‍ക്കാരെയെല്ലാം നമ്മള്‍ അസ്വസ്ഥരാക്കി. അവരുമായുള്ള ബന്ധങ്ങള്‍ തടസ്സപ്പെടുത്തിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി നമ്മള്‍ പ്രതിസന്ധി നേരിടുന്നു. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍, വിദേശനയങ്ങളിലും പ്രശ്‌നം. ഇതാണ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചൈനക്ക് ആത്മവിശ്വാസം നല്‍കിയതെന്നും
രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button