KeralaCinemaLatest NewsNews

90 ശതമാനവും അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വഴി പണമിടപാട് നടക്കുന്ന സിനിമകളാണ് മലയാളത്തിലേത് അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. -ബി ഉണ്ണികൃഷ്ണൻ

യു എ ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വ‍ര്‍ണം കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഫൈസല്‍ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് തരത്തിലുള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യുഎ ഇ യുടെ മുദ്രകളും മറ്റുരേഖകളും കൃത്രിമമായി ഉണ്ടാക്കിയാണ് തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരില്‍ നയതന്ത്ര ബാഗേജ് എന്നരീതിയില്‍ ഫരീദ് സ്വര്‍ണം കടത്തിയത്. വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് റാഷിദിയ പൊലീസ് ഫരീദിനെ കസ്റ്റഡിയിലെടുത്തതെന്ന് വാ‍ര്‍ത്തയും വന്നിരുന്നു. .

2014ല്‍ പുറത്തിറങ്ങിയ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനിലാണ് പൊലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനില്‍ അറബ് പൊലീസുകാരന്റെ വേഷമാണ് അഭിനയിച്ചത്.മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.ഫൈസല്‍ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്ബോള്‍ ഈ വിഷയത്തില്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ:
ഏറ്റവും എളുപ്പത്തില്‍ പഴി ചാരാവുന്ന ഒരു ഇന്‍ഡസ്ട്രിയായി സിനിമ മാറുന്നുണ്ട്. അതിപ്പോള്‍ ഏതു വിഷയവും ആയിക്കൊള്ളട്ടെ. അധോലോകബന്ധം വന്നാല്‍ പറയും, സ്വര്‍ണക്കടത്ത് വന്നാല്‍ അതും പറയും… കള്ളപ്പണം വന്നാലും പറയും. കഴിഞ്ഞ 15 വര്‍ഷത്തെ കാര്യങ്ങള്‍ അവലോകനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാണ്. മലയാളത്തിലെ ഒട്ടുമിക്ക നിര്‍മാതാക്കളും പ്രൊഡക്ഷന്‍ ഹൗസ് എന്ന ആശയത്തിലേക്ക് മാറിക്കഴിഞ്ഞു. അവര്‍ ഒരു കമ്ബനി രൂപീകരിച്ച്‌ ആണ് സിനിമ ചെയ്യുന്നത്. ഒറ്റയ്ക്കൊക്കെ വന്നു സിനിമ ചെയ്തു പോകുന്നവരുണ്ടാകാം. അതായത്, ഒരു നിര്‍മാതാവ് വരുന്നു… ഒരു സിനിമ ചെയ്യുന്നു… പിന്നെ നമ്മള്‍ അവരെക്കുറിച്ച്‌ കേള്‍ക്കില്ല. പക്ഷേ, മേജര്‍ പ്രൊഡക്‌ഷന്‍സ് എല്ലാം പ്രൊഡക്ഷന്‍ ഹൗസിന്റെ സ്വഭാവത്തിലേക്ക് മാറിക്കഴിഞ്ഞു.

10 വര്‍ഷമായി സംവിധായകന്‍ തൊട്ട് ലൈറ്റ് ബോയ് വരെയുള്ള ആളുകള്‍ക്ക് അക്കൗണ്ടിലൂടെയാണ് പൈസ മാറുന്നത്. ക്യാഷ് ട്രാന്‍സാക്ഷന്‍ ഇല്ലായെന്നു തന്നെ പറയാം. പ്രത്യേകിച്ച്‌ ജി എസ്ടി വരുമ്ബോള്‍ ഇന്‍പുട് എടുക്കണമല്ലോ. കൃത്യമായ ജി എസ്ടി ബില്ലുകള്‍ വേണം. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ സിനിമകളും ക്യാഷ് ട്രാന്‍സാക്ഷന്‍ സീറോ ആണ്. അതിനാല്‍, ഇതില്‍ അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. ഏതൊരു ഇന്‍ഡസ്ട്രിയില്‍ ഉള്ള പോലെ ചിലര്‍ അങ്ങനെയുണ്ടാകാം. തീരെ ഇല്ല എന്നു പറയാനുള്ള വിവരം എനിക്കില്ല. പക്ഷേ, 90 ശതമാനം സിനിമകളും ഇപ്രകാരം പൂര്‍ണമായും അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വഴി പണമിടപാട് നടക്കുന്ന സിനിമകളാണ്.

ഇതില്‍ മറ്റൊരു ലോജിക്ക് ഉണ്ട്. അതായത്, നമുക്ക് റവന്യു കിട്ടുന്നു. സാറ്റലൈറ്റ് റൈറ്റ് , ഡിജിറ്റല്‍, തിയറ്റര്‍ തുടങ്ങിയവയിലൂടെ റവന്യു കിട്ടുന്നുണ്ട്. ഇതിനൊക്കെ രേഖയുണ്ട്. ഞാന്‍ പ്രൊഡക്ഷനില്‍ അക്കൗണ്ടബിള്‍ അല്ലാത്ത പണം ഉപയോഗിച്ചാല്‍ ചെലവ് കുറഞ്ഞിരിക്കും. പക്ഷേ, വരുമാനം വളരെ കൂടുതലാകും. ഒരുപക്ഷേ, എന്റെ സിനിമ നഷ്ടമാണെങ്കില്‍ പോലും നികുതി കൊടുക്കേണ്ട സാഹചര്യം വന്നേക്കാം. ആ റിസ്ക് ഒരു നിര്‍മാതാവും എടുക്കില്ല. ഒരു നിര്‍മാണത്തിന് ഇറങ്ങുമ്ബോള്‍ ഒരു പങ്കാളിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അയാളുടെ പശ്ചാത്തലം ഒന്ന് അന്വേഷിക്കും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ മലയാളം സിനിമയിലുണ്ട്. ഇത്തരത്തില്‍ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. കാരണം, എന്റെ സിനിമയില്‍ ഞാന്‍ ക്യാഷ് ട്രാന്‍സാക്ഷന്‍ അനുവദിക്കില്ല.

ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വരുന്നത് സിനിമാനിര്‍മാണത്തെ ബാധിക്കും. ഈ ഇന്‍ഡസ്ട്രിയിലേക്ക് പണം മുടക്കാന്‍ വരുന്നവര്‍ രണ്ടാമതൊന്നു ആലോചിക്കും. വെറുതെ ഞാനെന്തിനാണ് ഈ പൊല്ലാപ്പ് എടുത്ത് തലയില്‍ വയ്ക്കുന്നതെന്ന്! പല മാധ്യമങ്ങളും പേര് പറയാതെയും എന്നാല്‍ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ പല സിനിമകളെക്കുറിച്ചും പറയുന്നുണ്ട്. ഇതെല്ലാം വളരെ ക്രെഡിബിള്‍ ആയ പ്രൊഡ്യൂസേഴ്സ് ചെയ്ത പടങ്ങളാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുകമറയാണ് സൃഷ്ടിക്കുന്നത്.

കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ മലയാള സിനിമ ഉള്ളത്. ഈ വ്യവസായത്തോട് അല്‍പമെങ്കിലും സ്നേഹം ഉള്ളവര്‍ ഈ വിഷയം അവധാനതയോടെ റിപ്പോര്‍ട്ട് ചെയ്യണം. ഇന്‍ഡസ്ട്രിയില്‍ ചായ എടുത്തുകൊടുക്കുന്ന, ഡ്രൈവ് ചെയ്യുന്ന, ലൈറ്റ് പിടിച്ചു കൊടുക്കുന്ന, ഭക്ഷണം ഉണ്ടാക്കുന്ന … അങ്ങനെയുള്ള ആളുകള്‍ മുതല്‍ മോഹന്‍ലാല്‍ വരെയുണ്ട്. എത്രയോ തരത്തിലുള്ള ആളുകളുണ്ട് ഇവിടെ! അവരെയെല്ലാവരെയും സംശയത്തിന്റെ പുകമറയ്ക്കുള്ളില്‍ നിറുത്തുക എന്നു പറയുന്നത് ഒട്ടും അഭിലഷണീയമായ സംഗതിയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button