Latest NewsNewsIndia

രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഭരണഘടനയ്ക്ക് എതിരെന്ന് അസദ്ദുദീന്‍ ഒവൈസി

ദില്ലി: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് ഭരണഘടനയ്ക്ക് എതിരെയാണെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തിഹാദ് ഉല്‍ മുസ്ലിമീന്‍ (എഐഐഎം) നേതാവ് അസദ്ദുദീന്‍ ഒവൈസി. പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് ഭരണഘടനാ സത്യപ്രതിജ്ഞയുടെ ലംഘനമായിരിക്കുമെന്നാണ് വിമര്‍ശനം. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണെന്നും അസദ്ദുദീന്‍ ഒവൈസി പറയുന്നു.

‘ഭൂമി പൂജനില്‍ ഔദ്യോഗിക ശേഷിയില്‍ പങ്കെടുക്കുന്നതിലൂടെ പ്രധാനമന്ത്രി ഭരണഘടനാ സത്യപ്രതിജ്ഞയുടെ ലംഘനമായിരിക്കും നടത്തുന്നത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്, 400 വര്‍ഷത്തിലേറെയായി ബാബ്‌റി അയോദ്ധ്യയില്‍ നില്‍ക്കുന്നുവെന്നും 1992 ല്‍ ഒരു ക്രിമിനല്‍ ജനക്കൂട്ടം അത് പൊളിച്ചുമാറ്റിയെന്നും ഞങ്ങള്‍ക്ക് മറക്കാനാവില്ലെന്നും ഒവൈസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി രാമക്ഷേത്ര നിര്‍മ്മാണത്തിന് ഉത്തരവിട്ടത്. രാം മന്ദിര്‍ ട്രസ്റ്റ് ഓഗസ്റ്റ് 5നാണ് ക്ഷേത്ര നിര്‍മ്മാണത്തിന്റെ പൂജ നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്ന മുഖ്യഅതിഥികളില്‍ പ്രധാനമന്ത്രിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശ്രീകോവിലില്‍ പ്രാര്‍ത്ഥന നടത്തുമെന്നും ഉച്ചയ്ക്ക് 12: 15 ന് ശിലാസ്ഥാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട് എന്നാല്‍ ഈ ദിവസത്തെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

200 ഓളം പേരെ ചടങ്ങിനായി ക്ഷണിക്കാന്‍ സാധ്യതയുണ്ട്. പട്ടികയില്‍ പ്രമുഖ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ഹിന്ദു, ജൈന, സിഖ്, ബുദ്ധമത വിഭാഗങ്ങളിലെ പ്രമുഖ മത നേതാക്കള്‍ ഉള്‍പ്പെടുന്നു. അയോദ്ധ്യയുടെ വികസന, ടൂറിസം, അടിസ്ഥാന സൗകര്യ പദ്ധതികളും ഓഗസ്റ്റ് 5 ന് പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് ദിവസത്തെ വേദ ആചാരങ്ങള്‍ ഓഗസ്റ്റ് 3 ന് രാമ ജന്മഭൂമിയില്‍ ആരംഭിച്ച് ഓഗസ്റ്റ് 5 വരെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button