COVID 19KeralaLatest NewsNews

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

കൊല്ലം • കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്.

105 വയസിലും അസാമാന്യമായ മനോബലം കാണിച്ച അസ്മാ ബീവിയെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകീര്‍ത്തിച്ചു. കോവിഡ് ഭയത്താല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍ ഇവരെപ്പോലുള്ളവരുടെ മനോബലം കാണേണ്ടതാണ്. കോവിഡ് പ്രതിരോധത്തില്‍ ശാസ്ത്രീയ മാര്‍ഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ അതീവ ജാഗ്രതയും പരിചരണവുമാണ് നല്‍കുന്നത്. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button