Latest NewsNewsInternational

മതനിന്ദയ്ക്ക് വിചാരണയിലിരുന്നയാളെ ജഡ്ജിയ്ക്ക് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി

പെഷവാര്‍ • പാകിസ്ഥാനില്‍ മതനിന്ദാ ആരോപിച്ചു വിചാരണ നേരിട്ടുകൊണ്ടിരുന്ന ന്യൂനപക്ഷമായ അഹ്മദി സമുദായാംഗമായ ഒരു വൃദ്ധനെ ബുധനാഴ്ച ജഡ്ജിക്ക് മുന്നിൽ വെടിവച്ച് കൊന്നു. മതനിന്ദ ആരോപിച്ച് രണ്ട് വർഷം മുമ്പ് അറസ്റ്റിലായ താഹിർ അഹ്മദ് നസീം ആണ് കൊല്ലപ്പെട്ടത്. അഡീഷണൽ സെഷൻ ജഡ്ജി ഷൗക്കത്തുല്ല ഖാന്റെ മുന്നില്‍ വച്ച് തന്നെ ഇദ്ദേഹം മരിച്ചു.

പ്രവിശ്യാ അസംബ്ലി കെട്ടിടം, പെഷവാർ ഹൈക്കോടതി, മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ്, ഗവർണർ ഹൗസ് എന്നിവ സ്ഥിതിചെയ്യുന്ന കന്റോൺമെന്റ് ഏരിയയിലെ ഉയർന്ന സുരക്ഷാ മേഖലയിലാണ് കോടതി സ്ഥിതി ചെയ്യുന്നത്. മെയിൻ ഗേറ്റിലും ജുഡീഷ്യൽ കോംപ്ലക്‌സിനുള്ളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കർശന സുരക്ഷയ്ക്കിടയിൽ സായുധ ആക്രമണകാരി എങ്ങനെ കോടതിയിൽ പ്രവേശിച്ചുവെന്ന് വ്യക്തമല്ല.

ഖാലിദ് ഖാൻ എന്ന കൊലയാളിയെ കോടതി മുറിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പെഷവാർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതിയെ കോടതിയിലെത്തിച്ചത്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖൈബർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി. പാക്കിസ്ഥാനിൽ മതനിന്ദ വളരെ വലിയ വൈകാരികമായ വിഷയമാണ്, തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ പോലും പലപ്പോഴും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. വ്യക്തിഗത പ്രതികാരം തീര്‍ക്കാനും പാകിസ്താനില്‍ മതനിന്ദ നിയമങ്ങൾ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അഹ്മദി സമുദായത്തിലെ അംഗങ്ങളെ മതതീവ്രവാദികൾ ലക്ഷ്യമിട്ട് നിരവധി അക്രമണ സംഭവങ്ങൾ നടന്നിട്ടുണ്ട്. 1974 ൽ പാകിസ്ഥാൻ പാർലമെന്റ് അഹ്മദി സമുദായത്തെ അമുസ്‌ലിംകളായി പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടിനുശേഷം, മുസ്‌ലിംകൾ എന്ന് വിളിക്കുന്നതിൽ നിന്ന് അവരെ വിലക്കി. പ്രസംഗിക്കുന്നതിനും തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും ഇവരെ വിലക്കിയിട്ടുണ്ട്. പാക്കിസ്ഥാനിൽ 220 ദശലക്ഷം ജനസംഖ്യയിൽ 10 ദശലക്ഷം അമുസ്ലിംകളാണ്. 2017 ലെ സെൻസസ് അനുസരിച്ച് പാകിസ്ഥാനിലെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ് ഹിന്ദുക്കൾ.

രണ്ടാമത്തെ വലിയ മതന്യൂനപക്ഷമാണ് ക്രിസ്ത്യാനികൾ. പാക്കിസ്ഥാനിലെ ശ്രദ്ധേയമായ മറ്റു മതന്യൂനപക്ഷങ്ങളിൽ അഹ്മദികൾ, സിഖുകാർ, പാർസികൾ എന്നിവരും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button