KeralaLatest NewsIndia

തുടക്കം തിരുവനന്തപുരത്തു നിന്ന്, അന്ത്യ വിശ്രമവും ഇവിടെ തന്നെ

തിരുവനന്തപുരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയായിരുന്നു അനില്‍ മുരളിയുടെ അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം വെള്ളിയാഴ്ച. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍ കെ. മുരളീധരന്‍ നായരായിരുന്നു നടന്‍ അനില്‍ മുരളിയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ചവിട്ടുപടി. തലസ്ഥാനത്തെ ആദ്യകാല ഫോട്ടോഗ്രാഫറും ‘നാനാ’ സിനിമാ വാരികയുടെ ഫോട്ടോഗ്രാഫറുമായിരുന്നു പൂജപ്പുര പാതിരപ്പള്ളി ലെയിന്‍ ‘പഞ്ചമി’യില്‍ മുരളീധരന്‍ നായര്‍. മുരളീധരന്‍ നായരുടെ എവണ്‍ സ്റ്റുഡിയോ തലസ്ഥാന നഗരത്തിലെ ആദ്യകാല സ്റ്റുഡിയോകളില്‍ ഒന്നായിരുന്നു.

ഈ ബന്ധങ്ങളാണ് അനില്‍ മുരളിയെ സീരിയല്‍ രംഗത്തേക്ക് വഴിതെളിച്ചത്. പരേതനായ സഹോദരന്‍ എം.എസ്. രവിപ്രസാദ് സീരിയല്‍ നിര്‍മ്മാതാവ് കൂടിയായിരുന്നു. മണ്ടന്‍ കുഞ്ചു, കൃഷ്ണപക്ഷം തുടങ്ങിയ സീരിയലുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹമായിരുന്നു.ചെറുവേഷങ്ങളില്‍ തുടങ്ങി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങളിലേക്കെത്തിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘കന്യാകുമാരിയില്‍ ഒരു കവിതയിലൂടെയാണ്’ സിനിമയിലെത്തുന്നത്. ഈ ചിത്രത്തിന്റെ എഴുത്ത് നടക്കുന്നതിനിടെ തലസ്ഥാനത്തെ ഹോട്ടലില്‍ എത്തി വിനയനെ നേരിട്ട് കാണുകയായിരുന്നു.

പരുക്കന്‍ രൂപമുള്ള അനിലിനെ വിനയന്‍ ചിത്രത്തിലെ പ്രധാന വില്ലനായി തീരുമാനിക്കുകയും ചെയ്തു. വില്ലന്‍ വേഷങ്ങള്‍ കൂടുതലായി തേടിയെത്തിയതോടെ സിനിമയില്‍ സജീവമായി. ഇടയ്ക്ക് സീരിയലുകളിലും അഭിനയിച്ചു. പിന്നീട് സ്ഥിരതാമസവും കൊച്ചിയിലേക്ക് മാറ്റി. എം.എസ്.ഹരി, എം.എസ്. ഗിരി, എം.എസ്.പഞ്ചമി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ഭാര്യ: സുമ. ആദിത്യനും അരുന്ധതിയുമാണ് മക്കള്‍. മൃതദേഹം കൊച്ചിയില്‍നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയില്‍ എത്തിച്ചു. രാവിലെ ഒന്‍പതിന് പൂജപ്പുര ശാന്തികവാടത്തിലാണ് സംസ്‌കാരം.

അതേസമയം ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാന്‍ അനിലിന് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കന്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖമന്ത്രി അനുസ്മരിച്ചു.

shortlink

Post Your Comments


Back to top button