KeralaLatest NewsNews

കാലവർഷത്തെ നേരിടാൻ സർക്കാർ സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം • വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചനയെന്നും ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകി. മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമ്പോൾ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാർപ്പിക്കും. നേരത്തെ മാറാൻ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവർക്കും സുരക്ഷിത സൗകര്യമൊരുക്കും. നഗരങ്ങളിൽ വെള്ളക്കെട്ടുകൾ ഉള്ളിടത്തുനിന്ന് ആളുകളെ മാറ്റും.

ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. എല്ലാ മലയോര പ്രദേശങ്ങളിലും സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കും. ചെറിയ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യത്തിൽ മുൻകൂട്ടി അറിയിക്കും. എറണാകുളത്തെ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും.

കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേരെ ഒരുമിച്ച് താമസിപ്പിക്കാനാവില്ല. അകലം പാലിച്ച് താമസിപ്പിക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈക്കൊള്ളും. അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ആൻറ് റസ്‌ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. നെയ്യാർ, പെരിങ്ങൾക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ നടപടിയായി. എല്ലാ ഡാമുകളുടെയും പ്രീ-മൺസൂൺ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ജലവിഭവ വകുപ്പ് ചീഫ് എൻജിനിയറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി.

ദേശീയ ദുരന്തപ്രതികരണ സേനയുടെ ആറ് ടീമിനെ കൂടി സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ടീമിനെ ആവശ്യപ്പെട്ടതിൽ നാല് ടീമിനെയാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button