KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; ഇടുക്കിയില്‍ നാലിടത്തും കോഴിക്കോട് ഒരിടത്തും ഉരുള്‍പൊട്ടല്‍, ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍, വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

നിലമ്പൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ നാലിടത്തും കോഴിക്കോട് ഒരിടത്തും ഉരുള്‍പൊട്ടലുണ്ടായി. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ വീണ്ടും മലവെള്ളപാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇടുക്കി പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിലും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി. ഇതോടെ തൊട് കരകവിഞ്ഞു ഏലപ്പാറ ജങ്ഷനില്‍ വെള്ളപൊക്കമുണ്ടാവുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല. ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ബഥേലില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. നെല്ലിയാമ്പതി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയില്‍ മഴ തുടരുകയാണ്.

മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. 51.36 ക്യൂമെക്‌സ് നിരക്കില്‍ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടില്‍ ജലനിരപ്പ് 192.63 മീറ്ററായി. മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ (പാംബ്ല) ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. 800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളം പുറത്തുവിടുന്നു.

കോഴിക്കോട് വിലങ്ങാട് മലയില്‍ വാനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിലുള്‍പൊട്ടി കുടുംബങ്ങള്‍ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്.

കോതമംഗലം കടവൂരിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. 60 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവര്‍ത്തിക്കും. 30 കുടുംബങ്ങള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button