KeralaLatest NewsNews

അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് കടന്ന യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര മരിയാപുരം കരിക്കിന്‍ വിള ബഥേല്‍ ഭവനില്‍ ബാബുവിന്റെ മകന്‍ നിശാന്തി(26)നെയാണ് ഇയാളുടെ വൂട്ടിലെത്തി തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചിട്ടില്ല എന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് നിശാന്ത്. ഇയാള്‍ പറയുന്ന പലവാദങ്ങളും നുണയെന്ന് തോന്നിപ്പിക്കുന്നവയായതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. അമ്മ മരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണ് പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്ത് പറയുന്നത്. തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റൂ എന്നത് വരെ, നിശാന്ത് പറയുന്ന പലവാദങ്ങളും നുണയെന്ന് തോന്നിപ്പിക്കുന്നവയാണ്. ഇന്ന് രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ 28 ന് രാത്രിയിലാണ് നിശാന്ത് അമ്മ മരിച്ചു പോയി വീട്ടിലെത്താന്‍ പണമില്ലാ എന്ന് പറഞ്ഞ് രേവത് ബാബുവിനെ ഓട്ടം വിളിച്ചത്. വീട്ടിലെത്തിയാല്‍ സഹോദരിയുടെ ഭര്‍ത്താവ് പണം തരുമെന്നും മറ്റുമാര്‍ഗ്ഗമില്ലാത്തതിനാലാണ് എന്നും പറഞ്ഞു. യാത്രയ്ക്ക് 6,500 രൂപ കൂലിയും ഉറപ്പുനല്‍കി. രാത്രിയില്‍ ബസില്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തണമെന്നായിരുന്നു യുവാവിന്റെ അപേക്ഷ.
ഇയാളുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ വിശ്വസിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. കയ്യില്‍ അന്ന് ഓട്ടം പോയ പൈസയ്ക്ക് നെല്ലായിയില്‍ നിന്നും 200 രൂപയ്ക്കും അമ്പലപ്പുഴ എത്തിയപ്പോള്‍ 250 രൂപയ്ക്കും ഡീസല്‍ അടിച്ചു.

കരുനാഗപ്പള്ളിയിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ച് അവിടെയുള്ള ഒരു സുഹൃത്തിനെ വിളിച്ച് രേവത് കുറച്ച് പണം കടംവാങ്ങിയും അത് കൊണ്ട് ആറ്റിങ്ങലെത്തിയപ്പോള്‍ വീണ്ടും ഡീസല്‍ അടിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയുടെ അടുത്ത് നിര്‍ത്തി. കുറച്ചു നേരം ഓട്ടോയില്‍ തന്നെ യുവാവ് ഇരുന്നു. അളിയന്‍ ഇപ്പോള്‍ വരും എന്നും പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അമ്മയുടെ ശവമടക്കിന് വേണ്ട ചില സാധനങ്ങള്‍ വാങ്ങണമെന്നും പണമുണ്ടെങ്കില്‍ 1000 രൂപ തരാമോ എന്നും അളിയന്‍ വരുമ്പോള്‍ വാടകയുടെ കൂടെ തിരികെ തരാമെന്നും രേവതിനോട് നിശാന്ത് പറഞ്ഞു. യുവാവിന്റെ വാക്ക് വിശ്വസിച്ച് രേവത് കയ്യിലുണ്ടായിരുന്ന 1000 രൂപയും ഇയാള്‍ക്ക് നല്‍കി.

ഏറെ നേരം കഴിഞ്ഞിട്ടും ആള്‍ മടങ്ങി വന്നില്ല. അങ്ങനെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് പൊലീസുദ്യോഗസ്ഥര്‍ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ കൊടുത്താണ് രേവതിനെ തൃശൂരിലേക്ക് പറഞ്ഞു വിട്ടത്. ആശുപത്രിയുടെ സമീപത്തെ സിസിടിവി കാമറയില്‍ നിന്ന് തട്ടിപ്പുകാരന്റെ ചിത്രം കിട്ടി. ഈ ചിത്രം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button