KeralaLatest NewsNews

രാജമല ദുരന്തം ; മരണം 41 ആയി, ഇനി 29 പേരെ കൂടി കണ്ടെത്താന്‍, കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയും സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫയര്‍ ഫോഴ്സ് എന്‍ഡിആര്‍എഫ് ടീമുകള്‍ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചില്‍ ആരംഭിച്ചത്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരം തന്നെയാണ്. ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.

മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി എസ്പി കറുപ്പു സ്വാമി പറഞ്ഞു. 81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കില്‍ പറയുന്നത്. 58 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കോവിഡ് കാരണം വിദ്യാര്‍ത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 100നു മുകളില്‍ ആളുകള്‍ ലയത്തില്‍ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ അതീവദുഷ്‌കരമാണ് പെട്ടിമുടിയിലെ തെരച്ചില്‍ ഇപ്പോഴും, മണ്ണിനടിയില്‍ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലര്‍ പെട്ടിമുടിപ്പുഴയില്‍ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button