KeralaLatest NewsNews

പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് കോടികള്‍ പിരിച്ചെടുത്തിട്ടും പെന്‍ഷനില്ല… അവസാന ആശ്രയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം : പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് കോടികള്‍ പിരിച്ചെടുത്തിട്ടും പെന്‍ഷനില്ല… അവസാന ആശ്രയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയവരാണ് പെന്‍ഷനില്ലാതെ ദുരിതം നേരിടുന്നത്. പ്രതിമാസം നിശ്ചിത ശതമാനം തുക പെന്‍ഷനായി ശമ്പളത്തില്‍ നിന്നും മാനേജ്മെന്റ് പിടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നില്ല എന്നതാണ് കാരണം. ജീവനക്കാരുടെ അടിസ്ഥാന ശമ്ബളത്തിന്റെ പത്ത് ശതമാനമാണ് പെന്‍ഷനായി പിടിക്കുന്നത്.

Read Also : സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഓണക്കിറ്റ് : കിറ്റിന്റെ വിതരണ തിയതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജീവനക്കാരില്‍ നിന്നും പിടിക്കുന്ന തുകയുടെ അത്രതന്നെ മാനേജ്മെന്റും ചേര്‍ത്താണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ നഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട കെ.എസ്.ആര്‍.ടി.സിക്ക് പലപ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ഓരോ മാസവും നാല് കോടിയോളം രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടയ്ക്കേണ്ടത്. ഇപ്പോള്‍ ഇത് ഏകദേശം 155 കോടിയുടെ ഭാരമായി മാനേജ്മെന്റിന് മാറിയിരിക്കുകയാണ്.

2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ച 10394 ജീവനക്കാരാണ് പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ പകുതിയോളം പേര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അക്കൗണ്ട് പോലും ഇതുവരെ തുറക്കപ്പെട്ടിട്ടില്ല. സ്വന്തം ശമ്പളത്തില്‍ നിന്നും തുക പിടിച്ചിട്ടും യഥാസമയത്ത് മാനേജ്മെന്റ് വീഴ്ചവരുത്തുന്നതിനാല്‍ ലഭിക്കേണ്ട പലിശയടക്കമുള്ള ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നഷ്ടപ്പെടുകയാണ്.

പിരിച്ചെടുക്കുന്ന തുക കൃത്യമായി പെന്‍ഷന്‍ ഫണ്ടിലടയ്ക്കാത്ത മാനേജ്മെന്റ് വീഴ്ചയെ കുറിച്ച് പരാതി പറഞ്ഞ് മടുത്ത അവസ്ഥയിലാണ് ജീവനക്കാരിപ്പോള്‍. നീതി തേടി പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍. ഇതിനായി ബി.എം.എസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം പുരോഗമിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയായ 155 കോടിയില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇതിനകം പിരിച്ചെടുത്ത 77.5 കോടി എന്ത് ചെയ്തു എന്നതിന് പോലും മാനേജ്മെന്റിന് ഉത്തരമില്ലെന്ന് ജീവനക്കാര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button