Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വി.പി സജീന്ദ്രന്‍ എം.എല്‍.എ

ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും എന്റെ കുടുംബവും

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വി.പി സജീന്ദ്രന്‍ എം.എല്‍.എ. ‘പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ട്’ എന്ന മുഖവുരയോടെയാണ് വി പി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാതൃഭൂമി ചാനലില്‍ ജേണലിസ്റ്റായ ലേബി സജീന്ദ്രന്‍ ഭര്‍ത്താവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സജീന്ദ്രന്റെ ഇലക്ഷന്‍ വിജയത്തിനായി മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നുവെന്ന രീതിയില്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലുണ്ടായ സൈബര്‍ ആക്രമണം ഓര്‍മ്മപ്പെടുത്തിയാണ് വി.പി സജീന്ദ്രന്റെ പോസ്റ്റ്

വി .പി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കൽ ഞാനും എൻ്റെ കുടുംബവും കടന്നുപോയിട്ടുണ്ട്
ഒരിക്കൽ ഞാനും എൻ്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് ആ വേദന. ദിവസങ്ങളോളം രാത്രിയും പകലും എന്നില്ലാതെ കരയുന്ന ഭാര്യ. അമ്മയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടിയ എൻ്റെ മക്കൾ. ഒരു മാധ്യമ പ്രവർത്തകയായതുകൊണ്ട് മാത്രം വേട്ടയാടപ്പെട്ട സ്ത്രീ. വേട്ടയാടിയ സൈബർ ഗുണ്ടകൾ ഒരു കാര്യം മറന്നു… അവൾ ഒരു സ്ത്രീയാണെന്ന്, ഭാര്യയാണെന്ന്, അമ്മയാണെന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ്റെ തോൽവിയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ എൻ്റെ കുന്നത്തുനാട്ടുകാർ സൈബർ ഗുണ്ടകളുടെ നുണപ്രചരണം വിശ്വസിച്ചില്ല. പ്രതിസന്ധിയിലും കൂടെ നിന്ന കുന്നത്തുനാട്ടുകാരാണ് എൻ്റെ കരുത്ത്. ഈ എളിയവൻ്റെ ഹൃദയത്തിൽ അവർ അന്ന് തന്ന സ്നേഹം എന്നുമുണ്ടാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയം, 2016 മെയ് 8 നാണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ ലേബി സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെൻറിലേറ്റർ സഹായത്തോടെ നിലനിർത്തിയ ആ ജീവൻ എൻ്റെ മക്കളുടേയും പ്രിയപ്പെട്ടവരുടേയും
കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൊണ്ടാണ് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് തിരിച്ചുകിട്ടിയത്. അന്ന് നൽകിയ പരാതിയിൽ സൈബർ സെല്ല് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ
ആ ഓഡിയോ കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് കണ്ടെത്തി.
അതായത് പിണറായി വിജയൻ്റെ പോലീസാണ് ആ ഓഡിയോയുടെ കൃത്രിമത്വം കണ്ടെത്തിയത് എന്ന് മറക്കരുത്! അതിൻ്റെ രേഖകൾ എൻ്റെ കൈവശമുണ്ട്.
ആ ഓഡിയോ അടുത്തിടെ വീണ്ടും ഉപയോഗിച്ചവർക്കെതിരെ
ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുമുണ്ട്. പക്ഷെ പിണറായി പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല.
ഇന്നും സൈബർ ഗുണ്ടകൾ ഞങ്ങൾക്ക് പിന്നാലെയുണ്ട്. പക്ഷെ വ്യാജപ്രചരണങ്ങളെ പുച്ഛത്തോടെ തള്ളുന്ന പ്രബുദ്ധരായ മലയാളി ജനത സൈബർ ആക്രമണങ്ങളെ വിശ്വസിക്കില്ലെന്നറിയാം. പക്ഷെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്ത് നെറികെട്ട പ്രവർത്തനവും നടത്തുന്ന സൈബർ സഖാക്കളേ, നിങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന് ഓർക്കണം.
പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്… ലേബിയെ അന്ന് വേട്ടയാടിയവർ തന്നെയാണ് ഇന്ന് നിങ്ങളെയും വേട്ടയാടുന്നത്. മറ്റൊരു പേരിൽ അവർ എത്തിയെന്ന് മാത്രം. നിങ്ങളുടെ വേദന മറ്റാരേക്കാളും എനിക്ക് നന്നായി മനസ്സിലാകും. കാരണം ദിവസങ്ങളോളം ഈ സൈബർ ആക്രമണങ്ങൾക്കും, പലരുടെയും ചോദ്യങ്ങൾക്കും മുന്നിൽ മറുപടി പറയേണ്ടി വന്നവരാണ് ഞങ്ങൾ. വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എൻ്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എൻ്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിങ്ങളും അങ്ങനെയുള്ള ദിനരാത്രങ്ങളിൽ കൂടിയാകും ഇപ്പോൾ മുന്നോട്ടു പോകുന്നത്. എൻ്റെ ഭാര്യയായതുകൊണ്ടു കൂടിയാണ് ലേബി അന്ന് വേട്ടയാടപ്പെട്ടത്. ഇനി ഒരാൾക്കും ഈ ഗതിവരരുതെന്ന് പ്രാർത്ഥിച്ചവരാണ് ഞങ്ങൾ.
സിപിഎമ്മിൻ്റെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന നടപടിയിൽ അത്ഭുതമില്ല. 51 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ നിങ്ങൾ ഒരു സ്ത്രീയെ വിധവയാക്കി. ഒരുകാലത്ത് ആക്രമണത്തിന് ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മാർക്സിസ്റ്റുകാർ ഇപ്പോൾ സൈബർ ഗുണ്ടകളെയാണ് പണി ഏൽപിച്ചിരിക്കുന്നത്. കുടുംബങ്ങളെ ലക്ഷ്യമിട്ടും സദാചാര ഗുണ്ടായിസവുമാണ് സിപിഎമ്മിൻ്റെ പുതിയ രീതി. സൈബർ വേട്ടയാടൽ കാരണം തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു എൻ്റെ ഭാര്യ ലേബിക്ക്. അന്ന് അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്… (സൈബർ ആക്രമണം നേരിട്ട മറ്റു മാധ്യമപ്രവർത്തകരുമുണ്ട് – പേര് വിട്ടുപോയവർ ക്ഷമിക്കണം) ഈ ആക്രമണങ്ങളിൽ നിങ്ങൾ തളരരുത്. അധികാര വർഗത്തിൻ്റെ ധാർഷ്ഠ്യത്തിനെതിരെ, അഴിമതിക്കെതിരെ, അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുക.
നിർത്തുംമുൻപ് പിണറായി സർക്കാരിനോടും സിപിഎമ്മിനോടും ചില ചോദ്യങ്ങൾ കൂടി.. സ്ത്രീ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ നിങ്ങൾ എന്ത് ചെയ്യും? സ്ത്രീകൾക്കെതിരായ ആക്രമണക്കൾക്കെതിരെ നടപടിയെടുക്കേണ്ട വനിതാ കമ്മിഷൻ എവിടെ?
വി.പി സജീന്ദ്രൻ, എംഎൽഎ
#Support #Journalist

shortlink

Post Your Comments


Back to top button