COVID 19KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി

ഹിന്ദു പത്രത്തിന്‍റെ ഡെപ്യൂട്ടി എ‍ഡിറ്ററായിരുന്നു

മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഹിന്ദു പത്രത്തിന്‍റെ ഡെപ്യൂട്ടി എ‍ഡിറ്ററായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ നായരുടെ മുഴുവന്‍ പേര്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടം ശ്മശാനത്തില്‍ നടക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അനുസ്മരണ കുറിപ്പ് വായിക്കാം.

ഇന്ന് വെളുപ്പിനെ ഉണര്‍ന്നത് അതീവ ദു:ഖകരമായ ഒരു വിവരമറിയിച്ചുളള സന്ദേശം അറിഞ്ഞു കൊണ്ടാണ്. ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ. നായര്‍ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന ആ സന്ദേശം അവിശ്വസനീയമായിരുന്നു. ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല അത്. മനസിനെ വല്ലാതെ ഉലയ്ക്കുന്ന ആ വിവരം സത്യമാകരുതെന്ന് ആഗ്രഹിച്ചു. എന്‍.ജെ നായര്‍ എന്ന പത്രപ്രവര്‍ത്തകന്റെ ബൈ ലൈനോടുള്ള വാര്‍ത്ത ദ ഹിന്ദു വിന്റെ സ്റ്റേറ്റ് എഡിഷനില്‍ കാണാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. പത്ര പ്രവര്‍ത്തകന്‍ എന്നതിലുപരി പതിറ്റാണ്ടുകളായുള്ള ബന്ധവും സ്നേഹവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടും , ഇടതുപക്ഷ പ്രസ്ഥാനത്തോടും തനിക്കുള്ള അടുപ്പം മറച്ചുവെക്കാത്ത, അതില്‍ അഭിമാനിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു എന്‍.ജെ നായര്‍. വാര്‍ത്തകളെ സത്യസന്ധമായി സമീപിച്ചിരുന്ന എന്‍.ജെ. നായര്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പുതിയ തലമുറയ്ക്ക് വഴി കാട്ടിയായിരുന്നു. വാര്‍ത്തകള്‍ക്കായും , അല്ലാതെ സമകാലിക കാര്യങ്ങള്‍ സംസാരിക്കുന്നതിനും, സൗഹൃദത്തോടെ ഫോണില്‍ വിളിക്കുമായിരുന്നു. വാര്‍ത്ത ശേഖരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ലാതെ, ഒരാവശ്യവും പറയാനല്ലാതെ എന്നെ കാണാന്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഞങ്ങള്‍ വീട്ടില്‍ വെച്ച്‌ കുറേ നേരം സംസാരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അടുത്തിടെ സജീവമായിരുന്നു എന്‍.ജെ നായര്‍. അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ച ഞാന്‍ കാണാറുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ പിന്നെ വിളിക്കുമ്ബോള്‍ സരസമായി സംസാരിക്കുമായിരുന്നു. കളങ്കമില്ലാത്ത സ്നേഹമായിരുന്നു എന്‍.ജെ. സഖാവായിരുന്നു , സുഹൃത്തായിരുന്നു , സഹോദരനായിരുന്നു.പ്രണാമം… ഏറെ പ്രിയപ്പെട്ട എന്‍.ജെ… അടുത്തറിഞ്ഞവരുടെ ഓര്‍മ്മകളില്‍ എന്‍.ജെ നായര്‍ എന്നുമുണ്ടാകും.

shortlink

Post Your Comments


Back to top button