COVID 19KeralaLatest NewsNews

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം • സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വരണാധികാരികളെയാണ് സർക്കാരുമായി കൂടിയാലോചിച്ച് കമ്മീഷൻ നിയമിച്ചിട്ടുള്ളത്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒന്ന് വീതവും 35 വരെ വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ ഒന്ന് വീതവും അതിൽ കൂടുതലുള്ളവയ്ക്ക് രണ്ട് വീതവും വരണാധികാരികളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ 4 പേരെയും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ 3 പേരെ വീതവും കൊല്ലം, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിൽ 2 പേരെ വീതവുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വരണാധികാരികളെ സഹായിക്കുന്നതിന് ഉപവരണാധികാരികളെയും നിയമിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. വരണാധികാരികളായി 1246 ഉദ്യോഗസ്ഥരെയും ഉപവരണാധികാരികളായി 1311 പേരെയും നിയമിച്ചാണ് വിജ്ഞാപനം ചെയ്തത്.

വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സെപ്റ്റംബറിൽ പരിശീലനം നൽകും. ഓരോ ജില്ലയിലും ബ്ലോക്ക് തലത്തിൽ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടുള്ള പരിശീലനമാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button