COVID 19KeralaLatest NewsNews

പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മൂന്നാര്‍ • ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു.ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.

ദുരന്തത്തില്‍ അകപ്പെട്ട 5 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് 2 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇന്നലെയും റെഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചില്‍.

ട്രിച്ചി ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോഗ്രഫി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ 4 അംഗ സംഘത്തിന്റെ സേവനം കഴിഞ്ഞ 3 ദിവസമായി റഡാര്‍ പരിശോധനക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍ ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും തിരച്ചിലില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്.

ദുര്‍ഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചില്‍ ജോലികള്‍ക്ക് പഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ സാന്നിധ്യം ഏറെ സഹായകരമായി.പുലിയുടേതടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ ജോലികള്‍ക്ക് കരുത്ത് പകരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ജോലികള്‍ ഊര്‍ജിതമായി മുമ്പോട്ട് കൊണ്ടു പോകുമെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പറഞ്ഞു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പെട്ടിമുടിയില്‍ ഉണ്ട്. ഇന്നലെയും മഴ മാറി നിന്നത് തിരച്ചില്‍ ജോലികള്‍ക്ക് അനുകൂല ഘടകമായി.

shortlink

Post Your Comments


Back to top button