Latest NewsNewsIndia

ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം ; ഓക്‌സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തും

ദില്ലി: കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം. ഓക്‌സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടുമെന്ന് ഡോ. പി സി നമ്പ്യാര്‍ വ്യക്തമാക്കി. രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക.

20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ഓക്‌സ്ഫഡ് പ്രതിരോധമരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയിരുന്നില്ല. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമായിരിക്കും വില്‍പന തുടങ്ങുക. മൂന്നാം ഘട്ടത്തിന്റെ ആദ്യദിനം നൂറ് പേരില്‍ വാക്‌സിന്‍ കുത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‌മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.

അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരീക്ഷണത്തിന് വിധേയരാവുന്ന എല്ലാവരില്‍ നിന്നും, ഒരു സമ്മതപത്രം എഴുതിവാങ്ങിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഉള്‍പ്പെടെ രണ്ട് വാക്‌സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്.

ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവര്‍ക്കും മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ പ്രാഥമപരിഗണന നല്‍കി വാക്‌സിന്‍ നല്‍കിയേക്കും എന്നാണ് സൂചന. കാരണം രോഗം വന്നവര്‍ക്ക് രക്തത്തില്‍ ആന്റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന് മാറിയവര്‍ക്ക് വീണ്ടും രോഗം വന്ന കേസുകള്‍ വിരളമാണ്. അതിനാല്‍ പ്രാഥമികപരിഗണനാപട്ടികയില്‍ ഒരിക്കല്‍ രോഗം വന്നവരുണ്ടായേക്കില്ല എന്നതാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button