Latest NewsNewsIndia

ഓട്ടോ ഡ്രൈവർക്കൊപ്പം കാമുകി ഒളിച്ചോടി പോയതിന്റെ പ്രതിഷേധമായി 70 ഓട്ടോക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് യുവാവ്

അഹമ്മദാബാദ് : ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. പുനെയിലാണ് മോഷണ പരമ്പര. അഹമ്മദാബാദ് സ്വദേശിയായ ബുരാഭായ് ആരിഫ് ഷേഖ് എന്ന ആസിഫ് (36)ആണ് പുനെ പൊലീസിന്റെ പിടിയിലായത്. 70 ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി.

കാമുകി ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ആസിഫ് ഓട്ടോക്കാരെ ലക്ഷ്യമിട്ട് മോഷണം ആരംഭിച്ചത്.പൂനെ പൊലീസാണ് വിചിത്രമായ ഒരു മോഷണക്കേസിന്‍റെ ചുരുളഴിച്ചത്.  അഹ‌മ്മദാബാദിൽ സ്വ‌ന്തമായി ഒരു ഒരു റെസ്റ്ററന്‍റ് നടത്തിവരികയായിരുന്നു ആസിഫ്. ഇതിനിടെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടുകാര്‍ ബന്ധത്തെ എതിർത്തതോടെ ഹോട്ടൽ വിറ്റ പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പൂനെയിലെത്തി. പുതിയ ജീവിതവും പുതിയ ബിസിനസ് സംരഭവുമൊക്കെ സ്വപ‌്നം കണ്ടായിരുന്നു ഒളിച്ചോട്ടം. എന്നാൽ ഇവിടെയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇ‌യാളു‌ടെ പക്കലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യങ്ങളുമായി 27കാരിയായ കാമുകി നാട്ടിലേക്ക് തന്നെ മടങ്ങി. ഇവരെ തിരക്കി ആസിഫ് നാട്ടിലെത്തിയപ്പോഴേക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.

ഹൃദയം തകർന്ന ആസിഫ് പൂനെയിലേക്ക് ‌തന്നെ മടങ്ങി ചെറുജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ഓട്ടോറിക്ഷാ ഡ്രൈവർമാരോടുള്ള വെറുപ്പ് ഇയാൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇവരുടെ ഫോണുകൾ മോഷ്ടിക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.

ഓട്ടോയിൽ കയറിയ ശേഷം ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. ഇത്തരത്തിൽ മോഷണം നടത്തുമ്പോൾ മനസിന് ഒരു ആശ്വാസം‌ ലഭിക്കാറുണ്ടെന്നാണ് ആസിഫ് പൊലീസിന് നൽകിയ മൊഴി. ‘ഇവരുടെ കൂട്ടത്തിലൊരാളാണ് തന്‍റെ ഹൃദയം തകർത്തതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതും.. അതുകൊണ്ട് ഇങ്ങനെ പകവീട്ടി ആശ്വാസം കണ്ടെത്തുന്നു എന്നാ‌യിരുന്നു മൊഴി.

അറസ്റ്റ് ചെയ്ത പ്രതിയെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മോഷണത്തിന് പിന്നിലെ ലക്ഷ്യം കേട്ട് അമ്പരന്ന് പോയെന്നാണ് പൊലീസ് സംഘം പറയുന്നത്. പക്ഷെ മോഷ്ടിച്ച ഫോണുകൾ ഇയാൾ എന്തുചെയ്ത‌ുവെന്ന് വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറിയാൻ കഴിയു എന്നും ഇവർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button