Latest NewsKeralaNews

പോലിസ് സ്‌റ്റേഷനുകള്‍ ആര്‍.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നു : പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് • ആര്‍.എസ്.എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്‌റ്റേഷനുകള്‍ മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാലക്കാട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അതിക്രൂരമായ കസ്റ്റഡി പീഡനവും മുസ്‌ലിംവിരുദ്ധ വംശീയ അധിക്ഷേപവും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പാലക്കാട് നോര്‍ത്ത് എസ്.ഐ ടി സുധീഷ് കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് പോലിസുകാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണം. മനുഷ്യത്വരഹിതമായ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാല്‍, അബ്ദുറഹ്മാന്‍ എന്നിവരെ എസ്.ഐയും സംഘവും പ്രാകൃതമായ രീതിയില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയായിരുന്നു. ലിംഗത്തില്‍ മുളക് സ്‌പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു. നീയൊന്നും മുസ്‌ലിം സന്തതികള്‍ക്ക് ജന്മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചതെന്നാണ് മര്‍ദ്ദനമേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞത്. വിദ്യാര്‍ഥികളെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായി വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്യമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം വിരുദ്ധ വംശീയത പോലിസില്‍ എത്രത്തോളം അപകടകരമായ നിലയില്‍ വ്യാപിച്ചുകഴിഞ്ഞുവെന്നതിനു തെളിവാണിത്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ആഭ്യന്തരവകുപ്പും പോലിസും സംരക്ഷിക്കുന്നത് ആര്‍.എസ്.എസ് താല്‍പ്പര്യമാണെന്ന് മുമ്പ് പല സംഭവങ്ങളിലൂടെയെന്ന പോലെ ഇപ്പോഴും വ്യക്തമായിരിക്കുകയാണ്. പോലിസിന്റെ തലപ്പത്ത് മുതല്‍ താഴെത്തട്ടുവരെ മുസ്‌ലിം വിരുദ്ധ മനോഭാവം വ്യാപകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും മാതൃകാപരമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലിസിനെ പോലെ കേരളത്തിലെ പോലിസും വര്‍ഗീയവല്‍ക്കപ്പെടുന്നതിനെതിരേ നിശബ്ദതപാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരമാണെന്നും അബ്ദുല്‍സത്താര്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button