KeralaLatest NewsNews

ഇന്നത്തെ തലമുറക്ക് അന്യംനിന്നു പോയ ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ സംഗീത ഉപകരണമായിരുന്ന ഓണവില്ലിനെ കുറിച്ച്

ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിന്‍ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളില്‍ ഓണക്കാലമായല്‍ ഓണവില്ലിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേല്‍ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാന്‍ പറ്റൂ എന്നതിനാല്‍ അഭ്യസിക്കാന്‍ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.

ഓണവില്ലിന്റെ ഐതീഹ്യം

പാതാളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിശ്വരൂപം കാണണമെന്ന് മഹാവിഷ്ണുവിനോട് മഹാബലി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപം കാണിച്ചപ്പോള്‍ മഹാബലി മറ്റൊരു ആവശ്യം കൂടെ മുന്നോട്ട് വെക്കുന്നു. തന്നെ പരീക്ഷിക്കാനെടുത്ത വാമനാവതാരം പോലെ കാലാകാലങ്ങളില്‍ ഭഗവാന്‍ കൈക്കൊള്ളുന്ന അവതാരലീലകളെപ്പറ്റിയും അറിയണം. മഹാബലിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ദേവശില്‍പ്പിയായ വിശ്വകര്‍മ്മദേവന്‍ മഹാവിഷ്ണുവിന്റെ ദശാവതാരം ആദ്യം വരച്ചുകാണിക്കുന്നു. തുടര്‍ന്ന് വിശ്വകര്‍മ്മദേവന്‍ തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളില്‍ മഹാവിഷ്ണു എടുത്ത അവതാരങ്ങളുടെ ലീലാചിത്രങ്ങള്‍ പള്ളിവില്ലില്‍ വരച്ച് വിഷ്ണുസന്നിധിയില്‍ സമര്‍പ്പിക്കാമെന്നും അവിടെച്ചെന്ന് മഹാബലിക്ക് ഈ ചിത്രങ്ങളെല്ലാം കാണാമെന്നും അറിയിക്കുന്നു. ഇതിന്‍ പ്രകാരം നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം.

ദേവഗണത്തില്‍പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. ഓണവില്ല് തയ്യാറാക്കുന്ന മുക്കാല്‍ ഇഞ്ച് കനമുള്ള പലകയ്ക്ക് വഞ്ചിയുടെ ആകൃതിയും അതേ സമയം കേരളത്തിന്റെ ആകൃതിയുമാണുള്ളത്. വിവിധ അവതാരങ്ങള്‍ വരയ്ക്കുള്ള പലകകള്‍ക്ക് വിവിധ നീളവും വീതിയുമാണ്. രണ്ടറ്റവും മഴവില്ല് പോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് വില്ല് എന്നിതിനെ വിളിക്കുന്നത്. കടഞ്ഞെടുത്ത പലകയില്‍ ആദ്യം മഞ്ഞനിറം പൂശുന്നു. പിന്നീട് ചിത്രങ്ങള്‍ വരയ്ക്കുന്ന വശത്ത് ചുവപ്പ് നിറം കൊടുക്കുന്നു. തുടര്‍ന്ന് പഞ്ചവര്‍ണ്ണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നു.

ഓണവില്ല് ശില്‍പ്പികള്‍ അഥവാ ചിത്രകാരന്മാര്‍ ബ്രാഹ്മണമുഹൂര്‍ത്തത്തില്‍ ഈറനണിഞ്ഞ് കുടുംബപരദേവതാ സ്ഥാനത്തുനിന്ന് പ്രാര്‍ത്ഥിക്കുകയും, കുടുംബത്തിലെ കാരണവര്‍ മന്ത്രം ചൊല്ലി ചാലിച്ച് തയ്യാറാക്കുന്ന നിറക്കൂട്ട് ഏറ്റുവാങ്ങുകയും ചെയ്യുന്നു. പിന്നീട് പ്രത്യേകം തയ്യാറാക്കിയ അറയില്‍ വെച്ച് ചിത്രരചനയില്‍ ഏര്‍പ്പെടുന്നു. ഈ സമയത്ത് ഭക്ഷണക്രമങ്ങള്‍ പാലിക്കുകയും ശരീരത്തിനും മനസ്സിനും പരിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് പരിപാവനമായി തയ്യാറാക്കിയെടുക്കുന്നതാണ് ഓണവില്ലുകള്‍. അനന്തശയനം, ദശാവതാരം, രാമപട്ടാഭിഷേകം. ശ്രീകൃഷ്ണലീല, ശാസ്താവ്, വിനായകന്‍ എന്നിങ്ങനെ ആറ് തരം ഓണവില്ലുകളാണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button