COVID 19KeralaLatest NewsNews

കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ആര്‍ടിപിസിആര്‍ ലാബ്

തിരുവനന്തപുരം • കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്‌സ്‌പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

1974 ല്‍ പ്രവര്‍ത്തനമാരംഭിച്ച റീജിണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി നാല് പതിറ്റാണ്ട് പിന്നിട്ട് ചികിത്സാരംഗത്ത് പുതിയ കാല്‍വെപ്പുമായി മുന്നോട്ട് പോവുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളെ ഉദ്ദേശിച്ചായിരുന്നു ഈ ലാബോറട്ടറി സ്ഥാപിച്ചത്. അക്കാലത്ത് സ്വകാര്യ ലാബുകളിലും ആശുപത്രികളിലും വേണ്ടത്ര പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രത്യേക പരിശോധനക്കായാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കുമെന്ന തോതില്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നു ലബോറട്ടറി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം ബീച്ച് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ താല്‍ക്കാലികമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിനായി കേരള സര്‍ക്കാര്‍ 6.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക പരിശോധനാ സംവിധാനത്തോടെയുള്ള ലബോറട്ടറി കെട്ടിടം എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

നിലവില്‍ ഹെമറ്റോളജി, ബയോകെമിസ്ട്രി, സിറോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളായാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം 3,80,613 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ബി.പി.എല്‍, മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും പൂര്‍ണമായും സൗജന്യമായും ഇതര വിഭാഗങ്ങള്‍ക്ക് മിതമായ നിരക്കിലുമാണ് ചെയ്യുന്നത്. മേല്‍പറഞ്ഞ വിഭാഗങ്ങള്‍ കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ നവജാത ശിശുക്കള്‍ക്കും നാലുതരം ഹോര്‍മോണ്‍ ടെസ്റ്റുകള്‍ സൗജന്യമായി പരിശോധിക്കുന്ന ന്യൂബോണ്‍ സ്‌ക്രീനിംഗ് ടെസ്റ്റ് 2013 മുതല്‍ ലഭ്യമാണ്. ജനിച്ച സമയത്തുതന്നെ ശിശുക്കള്‍ക്ക് ഉണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുമൂലം ഭാവിയിലുണ്ടായേക്കാവുന്ന വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഇത് മൂലം ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വരെ 2,11,504 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തില്‍ കോവിഡ് ടെസ്റ്റിനുള്ള ട്രൂനാറ്റ് പരിശോധന ഈ ജൂണ്‍ മാസം 12 മുതല്‍ ചെയ്തുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button