KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ സി.പി.എം ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട് • സ്വര്‍ണക്കടത്ത് കേസിലേക്ക് യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്രബാഗിൽ സ്വർണം കടത്താൻ യു.എ.ഇ കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സി.പി.എം സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവന യു.എ.ഇയിലെ ലക്ഷക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഫൈസൽ ഫരീദ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലയച്ച പാർസൽ എങ്ങനെയാണ് നയതന്ത്ര ബാഗേജാവുകയെന്ന് സി.പി.എം വ്യക്തമാക്കണം. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറും വിദേശകാര്യ മന്ത്രി വി.മുരളീധരൻ പറഞ്ഞതും കേന്ദ്രധനകാര്യമന്ത്രി പറഞ്ഞതും ഒന്ന് തന്നെയാണ്. കള്ളക്കടത്തിനെ മതപരമായ പ്രശ്നമാക്കി മാറ്റാനാണ് ജലീലിന്റെയും സി.പി.എമ്മിന്റെയും ശ്രമം. ഖുറാൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

എല്ലാറ്റിനേയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനിൽ ആയിരുന്നില്ലെന്ന പിണറായിയുടെ വാദം തെറ്റാണ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തുക ജയരാജന്‍റെ മകൻ കൈപ്പറ്റി എന്ന് ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ക്വാറന്‍റീൻ ലംഘിച്ച് ബാങ്കിലേക്ക് എത്തി ലോക്കര്‍ തുറന്നത്. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ പരിചരിക്കുന്നത് താനാണെന്ന് പറയുമ്പോൾ തന്നെയാണ് ക്വാറന്‍റീനിൽ കഴിയേണ്ട മന്ത്രിഭാര്യ തിടുക്കപ്പെട്ട് ബാങ്കിലേക്ക് എത്തിയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ന്യായീകരിച്ച് ന്യായീകരിച്ച് പിണറായി വിജയൻ പരിഹാസ്യനാകുകയാണ്. ജലീലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയെന്നത് കള്ള വാർത്തയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും തമ്മിൽ നിരവധിതവണ ബന്ധപ്പെട്ടിട്ടുണ്ട്. ജലീൽ കുടുങ്ങിയാൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button