KeralaLatest NewsNews

പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകൾക്കും ജപ്‌തി; നിർദ്ദേശവുമായി ഹൈക്കോടതി

കേസ് ഏറ്റെടുക്കണമെന്നാവശ്യവുമായി സിബിഐക്ക് കത്ത് നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാന്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി. അനധികൃത സ്വര്‍ണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകള്‍ പൂട്ടാനുമാണ് ഹൈക്കോടതി യുടെ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിനെതിരെയുള്ള പരാതികളില്‍ വെവ്വേറെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി പരാതികളില്‍ ഒറ്റ എഫ് ഐ ആര്‍ ഇട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച ഡിജിപിയുടെ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു.

കേസ് ഏറ്റെടുക്കണമെന്നാവശ്യവുമായി സിബിഐക്ക് കത്ത് നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ലഭിക്കുന്ന മുറയ്ക്ക് സിബിഐ അന്വേഷണത്തിന് കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിക്കണം. അടുത്ത മാസം ( ഒക്‌ടോബർ )8ന് ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കും.

Read Also: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി തോമസ് ഡാനിയേല്‍ വിദേശത്ത് നിക്ഷേപിച്ചതായി സൂചന : പണം തട്ടിപ്പിന് ഒത്താശ ചെയ്തത് പെണ്‍മക്കള്‍

പോപ്പുലര്‍ ഫിനാന്‍സിലെ 2000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങള്‍ രുപീകരിച്ച്‌ വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറായാല്‍ സിബിഐ ഡയറക്ടറോട് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്ന് സിബിഐ യുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്തു പരിചയം ഉള്ള ആളുകളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതികള്‍ക്ക് ജയില്‍ സൂപ്രണ്ട് വഴി നോട്ടീസ് നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന് കേരള സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ആവശ്യമാണന്നും സിബിഐ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button