KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് കനത്തമഴ, എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്രമഴയും കടല്‍ക്ഷോഭവും തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി എന്നീ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും നാളെ രാത്രി വരെ കേരള തീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നുമാണ് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ആലുവ എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. കോഴിക്കോട് വെളളയില്‍ തീരത്ത് മല്‍സ്യബന്ധനബോട്ടിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞു. തകര്‍ന്ന ബോട്ട് ഏതെന്ന് കണ്ടെത്താനായുളള അന്വേഷണം നടത്തി വരുന്നു. മലപ്പുറം താനൂരിലും ഒരു മല്‍സ്യബന്ധനബോട്ട് തകര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 73.4 മില്ലീമീറ്റര്‍ മഴയാണ്. ഇത് ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button