Latest NewsIndiaInternational

ചൈന കൈയടക്കിവച്ചിരുന്ന ലഡാക്കിലെ ആറു പുതിയ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു

ഇരുവിഭാഗത്തിന്റെയും സാന്നിധ്യമില്ലാതിരുന്ന മേഖലകളിലാണ്‌ ഇന്ത്യന്‍ സേന ആധിപത്യം സ്‌ഥാപിച്ചത്‌.

ന്യൂഡല്‍ഹി: ചൈന കൈയടക്കിവച്ചിരുന്ന ലഡാക്കിലെ ആറു പുതിയ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തെന്നു റിപ്പോര്‍ട്ട്‌. കിഴക്കന്‍ ലഡാക്ക്‌ സെക്‌ടറില്‍പ്പെട്ട മഗര്‍ ഹില്‍, ഗുരുങ്‌ ഹില്‍, റെയ്‌ഹെന്‍ ലാ, റാസെങ്‌ ലാ, മോഖ്‌പാരി ഉള്‍പ്പെടെയുള്ള പോയിന്റുകള്‍ ഇന്ത്യ നിയന്ത്രണത്തിലാക്കിയെന്നു മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഓഗസ്‌റ്റ്‌ 29 മുതല്‍ സെപ്‌റ്റംബര്‍ രണ്ടാം വാരം വരെയുള്ള കാലയളവിലാണ്‌ ഇന്ത്യ നിര്‍ണായകമുന്നേറ്റം നടത്തിയത്‌. ഇരുവിഭാഗത്തിന്റെയും സാന്നിധ്യമില്ലാതിരുന്ന മേഖലകളിലാണ്‌ ഇന്ത്യന്‍ സേന ആധിപത്യം സ്‌ഥാപിച്ചത്‌. ഇതേത്തുടര്‍ന്ന്‌ മേഖലയില്‍ ചൈനീസ്‌ സേനാ വിന്യാസം വര്‍ധിപ്പിച്ചു. റെസാങ്‌ ലാ, റെചെന്‍ ലാ തുടങ്ങിയ മേഖലകളില്‍ ചൈന മൂവായിരത്തോളം സൈനികരെ കൂടുതലായി വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കാനായി സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച നീളുമ്പോള്‍ അതിര്‍ത്തിയില്‍ ശൈത്യകാലത്തിനുള്ള മുന്നൊരുക്കങ്ങളുമായി കരസേന. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക്‌ സമീപം കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിന്‌ പിന്നാലെയാണ്‌ കൂടുതല്‍ സേനാവിന്യാസം അതിര്‍ത്തിയില്‍ നടത്തുന്നത്‌.

കൂടുതല്‍ ടെന്റുകള്‍ നിര്‍മിക്കാനും, ഭക്ഷണസാമഗ്രികള്‍ എത്തിക്കാനും നിര്‍ദേശം കിട്ടിയതായി സേന വൃത്തങ്ങള്‍ വ്യക്‌തമാക്കി. നവംബര്‍ അവസാനത്തോടെ മഞ്ഞ്‌ വീഴ്‌ച രൂക്ഷമാകാനിടയുള്ളതിനാല്‍ സാധനസാമഗ്രികള്‍ വായുമാര്‍ഗം എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇനി നടക്കാനിരിക്കുന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും ഇന്ത്യ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്ന സൂചനയാണ്‌ ഇതു നല്‍കുന്നത്‌.

read also: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ ബലാത്സംഗം ചെയ്തു ; കേസെടുത്തതോടെ പ്രതി ഒളിവില്‍

അതേസമയം ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ വന്ന മേയ്‌ മാസത്തിന്‌ മുന്നേ ഡെപ്‌സാങ്‌ സമതലത്തിലെ 10, 11, 11 എ, 12 എന്നീ പട്രോള്‍ പോയിന്റുകള്‍ ചൈന അടച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. നേരത്തേ ഇന്ത്യ പ്രത്യാക്രമണത്തിലൂടെ പിടിച്ചെടുത്ത ബ്ലാക്‌ടോപ്‌, റക്വീന്‍ ചുരം, ഹെല്‍മെറ്റ്‌ ടോപ്‌, സ്‌പാന്‍ഗുര്‍ പോസ്‌റ്റ്‌ എന്നിവിടങ്ങളില്‍ കൂടുതല്‍ സൈന്യത്തെയും സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്‌. ഇവര്‍ക്കു പിന്തുണ നല്‍കാന്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്‌ക്കു സമീപം മോര്‍ട്ടാര്‍ യൂണിറ്റുകളും മധ്യദൂര പീരങ്കികളും വിന്യസിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button