Latest NewsNewsEntertainment

അച്ഛൻ മറ്റൊരു ലോകത്ത് എവിടെയോ ഇരുന്ന് എന്റെ കഥകളൊക്കെ വായിക്കുന്നുണ്ടാകും ; ​ഗായത്രി അരുൺ

അന്ന് തുടങ്ങിയ ആ ബിരിയാണി മൊഹബ്ബത്ത് ഇന്നും ഒരല്പം പോലും കുറയാതെ തുടരുന്നു

ആരും മറന്നിട്ടുണ്ടാകില്ല ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ. ദീപ്തിയായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും എത്താനിരിക്കുകയാണ് ഗായത്രി ഇപ്പോൾ.

കൂടാതെ സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മാസമായിരുന്നു ഗായത്രിയുടെ അച്ഛന്റെ അപ്രതീക്ഷിതമായ മരണം.

വെറുതെ അച്ഛനെ ഒന്ന് കളിയാക്കണം എന്നനിലയ്ക്കാണ് അച്ചപ്പം കഥകള്‍ എഴുതാന്‍ തുടങ്ങിയതെന്നും, അത് ഏറ്റവും രസിച്ച്‌ വായിച്ചിരുന്നത് അച്ഛന്‍ തന്നെയാണെന്നും ഗായത്രി പറയുന്നുണ്ട്. അവസാനത്തെ അച്ചപ്പം കഥ അച്ഛനെപ്പറ്റിയുള്ള തന്റെ ബാല്യകാല ഓര്‍മ്മകളായിരുന്നെന്നും, അത് കേള്‍ക്കാന്‍ അച്ഛന്‍ നിന്നില്ലായെന്നും ദുഖത്തോടെ ​ഗായത്രി പറയുന്നു.

കുറിപ്പ് വായിക്കാം……

‘അച്ചപ്പം കഥകൾ ‘
ഒരു വാക്ക് :
അച്ഛൻ പോയിട്ട് ഇന്നലെ ഒരു മാസം. അച്ചപ്പം കഥകൾ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കൽ ഏറ്റവും രസിക്കുന്നത് അച്ഛൻ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച്‌ ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകൾ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകൾ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോൾത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ!
ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകൾ
ആയിരുന്നു.

അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികൾ ആയിരുന്നു അച്ഛന്റെ പ്രതികരണം. ‘ഇങ്ങനെ ആയാൽ പത്തെണ്ണം ആകുമ്പോ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റൂല്ലല്ലോ ലേഖേ’ എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാൻ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓർമയാണ്. അതിലെ ഓരോ വരികൾ എഴുതിയതും അത് വായിച്ച്‌ കേൾക്കുമ്പോഴുള്ള അച്ഛന്റെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാൻ പോയത് അച്ഛൻ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിർഭാഗ്യവശാൽ അച്ഛനെ അത് വായിച്ച്‌ കേൾപ്പിക്കാൻ കഴിഞ്ഞില്ല.

ഇനി ‘അച്ചപ്പം കഥകൾക്ക്’ ഒരു തുടർച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച്‌ കേൾപ്പിക്കാൻ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓർമ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ…
*************************
“അച്ചപ്പം ഉള്ളിൽ തന്ന മൊഹബ്ബത്ത്…”
“ആരെങ്കിലും ഒരു പ്ലേറ്റ് ബിരിയാണിയും കുറച്ചു ചക്ക വറുത്തതും ആയി വന്നു വിളിച്ചാൽ ഇവൾ അവരുടെ കൂടേ അങ്ങ് പോകും” ഓർമ്മ ഉറച്ച കാലം തൊട്ടു ഞാൻ കേൾക്കുന്നതാണ് അമ്മ എന്നെ ഇങ്ങനെ ആക്കുന്നത്. അപ്പൊ പിന്നെ എന്റെ ബിരിയാണി പ്രണയത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് പറയണ്ടെല്ലൊ!

ഞങ്ങളുടെ ചേർത്തലയിലെ ബിരിയാണിക്ക്‌ പേരുകേട്ട ഗാന്ധീസ്‌ ഹോട്ടൽ മുതൽ അങ്ങ് കോഴികോട്ടേം തലശ്ശേരിലേം എന്തിന് ലക്ഷദ്വീപ് സ്പെഷ്യൽ ബിരിയാണി വരെ കഴിച്ചിട്ടുണ്ടെങ്കിലും എന്റെ ആദ്യ മൊഹബ്ബത്ത് ഇവരോടൊന്നുമല്ലായിരുന്നു…
അത് തുടങ്ങിയത് ഏതാണ്ട് രണ്ടര മൂന്നു വയസുള്ളപ്പോൾ ആയിരിക്കാനാണ് സാധ്യത. കാരണക്കാരൻ എന്റെ സ്വന്തം അച്ചപ്പവും….

ആലപ്പുഴയിലെ അച്ഛന്റെ ഫിലിം ഡിസ്ട്രിബൂഷൻ ഓഫീസ് പ്രവർത്തിച്ചിരുന്നത്‍ പട്ടണത്തിലെ ഒരു പഴയ ലോഡ്ജിന്റെ താഴത്തെ ഫ്ലോറിലെ ഒരു കുഞ്ഞു മുറിയിൽ ആയിരുന്നു. മാസത്തിൽ ഒന്നൊ രണ്ടൊ തവണ എന്നേം അച്ഛൻ കൂടെ കൊണ്ടുപോകും. അച്ഛന്റെ കൂടെ ബൈക്കിന്റെ മുന്നിൽ ഇരുന്നു ഇടയ്ക്കിടെ ചേർത്തലയിൽ നിന്നും ആലപ്പുഴക്കുള്ള ആ യാത്ര ആസ്വദിച്ച അത്രയും പിന്നീടുള്ള ഒരു യാത്രയും ഞാൻ ആസ്വദിച്ചിട്ടില്ല.

വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ മുതൽ അവിടെ എത്തും വരെ റോഡിൽ കാണുന്ന എല്ലാത്തിനേം കുറിച്ചുള്ള സംശയങ്ങളുമായ് ഞാനും, ഹൈവേ സൈഡിൽ ഉള്ള അച്ഛൻ പഠിച്ച കോളേജും അവിടെ തന്നെ മോളും പഠിക്കണം പഠിച്ച് വലുതായ് അച്ഛനേം അമ്മേം നോക്കണം എന്നൊക്കെ പറഞ്ഞു അച്ഛനും അവിടെ എത്തുന്ന വരെ വായടക്കില്ല. ഇതിനിടയിലും എന്റെ മനസ്സ് ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയിട്ടുണ്ടാകും. ഉച്ച നേരത്തു എന്റെ മുന്നിൽ എത്താൻ പോവുന്ന ആ ‘ആളുടെ’ അടുത്ത്.

ആലപ്പുഴയിലെ രാജപ്രിയ ലോഡ്ജിലെ അച്ഛന്റെ ഓഫീസ് മുറിയുടെ തൊട്ടടുത്ത മുറികളിൽ മറ്റു പല സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നു. വിജയകുമാർ മാമന്റെ മറ്റൊരു ഫിലിം ഡിസ്ട്രിബൂഷൻ കമ്പനി ശ്രീജിത്ത് അങ്കിളിന്റെ ട്രാവെൽസ് മോഹനൻ ചേട്ടന്റെ ടെയ്ലറിങ് ഷോപ് അങ്ങനെ പലതും. രാവിലെ ചെന്നാലുടൻ എല്ലാ മുറികളിലും കേറി ഹാജർ വക്കുക ആണ് ആദ്യത്തെ എന്റെ ജോലി. അങ്ങനെ ഒരു കറക്കം ഒക്കെ കറങ്ങി തിരിച്ച് അച്ഛന്റെ റൂമിൽ എത്തിയാൽ എന്നെ കാത്ത് കുറേ അത്ഭുതങ്ങൾ ഉണ്ടാവും. എന്തൊക്കെ എന്ന് വെച്ചാൽ…

ഒരു കുഞ്ഞു മുറിക്കുള്ളിൽ നടുവിലായി പച്ച പെയിന്റ് അടിച്ച് പുറമെ ഗ്ലാസ്സിട്ട ഒരു വലിയ സ്റ്റീൽ മേശ. അതിലെ ഗ്ലാസിന്റെ അടിയിൽ നിറയെ സിനിമാ നടന്മാരുടെ ഫോട്ടോസും സിനിമകളുടെ പോസ്റ്റർ കട്ടിങ്ങുകളും കൂട്ടത്തിൽ നീല ഷർട്ട് ഒക്കെ ഇട്ടു സിനിമാനടന്മാരോടൊപ്പം കിടപിടിക്കുന്ന സൗന്ദര്യവുമായി ഓഫീസിൽ ഇരിക്കുന്ന അച്ഛന്റെ ഒരു ‘കാൻഡിഡ്’ ഫോട്ടോയും. പിന്നെ അച്ഛനു ഇരിക്കാനായി ഒരു വല്യ കസേരയും മറുവശത്തു രണ്ടു ഇരുമ്പു കസേരകളും. അച്ഛന്റെ കസേരക്ക് പിന്നിൽ ഒരു വല്യ കർട്ടൻ ഉണ്ട്‌. അതിന്റെ പുറകിൽ നിറയെ സിനിമാ പോസ്റ്ററുകളും കാർബൺ പാക്കറ്റുകളും (ഡിജിറ്റൽ സിനിമക്ക് മുമ്പ് കാർബൺ റോഡ് കത്തിച്ച് സിനിമ കാണിക്കുന്ന കാലം) പിന്നെ കുറെ സിനിമ പെട്ടികളും.

ഇതിൽ എന്താണ് ഇത്ര അത്ഭുതം എന്നാണെങ്കിൽ ഒരു നാലുവയസ്‌കാരിക്ക് ഇതെല്ലാം അത്ഭുതങ്ങൾ ആയിരുന്നു. അതിൽ ഒന്ന് നീല നിറത്തിലുള്ള ഒരു കടലാസാണ്. അതിന്റെ പുറത്തു പേന കൊണ്ടെഴുതിയാൽ താഴത്തെ പേപ്പറിൽ നീല നിറത്തിൽ തെളിഞ്ഞു വരും. ‘ഇതെന്തൊരു മാജിക്കാ അച്ഛാ !!’ ആ മാജിക് പേപ്പറിന്റെ കൗതുകം കഴിഞ്ഞ് ഞാൻ പതുക്കെ ചിണുങ്ങാൻ തുടങ്ങുമ്പോ അച്ഛൻ ദാ അടുത്ത അത്ഭുതം എന്റെ മുന്നിലേക്കു വച്ച് തരും. പേപ്പർ വച്ച അമർത്തിയാൽ തുള വീഴുന്ന യന്ത്രം!!!

പിന്നെ അവിടെയുള്ള സിനിമ പോസ്റ്ററുകളിലെ നടീനടന്മാരുടെ ഒക്കെ മുഖത്ത് നിറയെ തുളകൾ വീഴാൻ തുടങ്ങും. അങ്ങനെയുള്ള ക്രൂരവിനോദത്തിനിടയിൽ ഒരിക്കൽ എനിക്കൊരു സംശയം. ‘അച്ഛാ ഇതെങ്ങനെ ഈ യന്ത്രം പേപ്പറിനെ തിന്നുന്നത്?? ഈ തിന്നുന്ന പേപ്പറൊക്കെ എങ്ങോട്ടാ പോണേ?’ സംശയം കൂടിയപ്പോ അച്ഛൻ മറ്റൊരു അത്ഭുതം കാണിച്ചു തന്നു. യന്ത്രത്തിന്റെ വയറ് തുറന്നു വട്ടം വട്ടം ഉള്ള പേപ്പർ കുഞ്ഞുങ്ങളെ പുറത്തു എടുത്തു. ഹോ!! ഇതെന്തൊരു സൂത്രാ ഇത് !!

അങ്ങനെ ഓരോരോ കുരുത്തക്കേടുകൾ കാണിച്ച് സമയം ഉച്ചയാവും. അതെ കാത്തുകാത്തിരുന്ന ആ സമയം …..
പിന്നെ വാതിലിന്റെ അടുത്ത പോയി നിൽപ്പാണ് . ‘അച്ഛാ എന്താ വരാത്തെ..?”. അങ്ങനെ ലോഡ്ജിൻ്റെ അറ്റത്ത് റോഡിലേക്കു കണ്ണും നട്ട് നില്ക്കുന്ന എന്റെ അടുത്തേക് അതാ വരുന്നു കൈയിൽ ഒരു വെള്ള കവറുമായ് സ്ലോ മോഷനിൽ ലോഡ്ജിലെ സഹായി മണി മാമൻ… “”ഓഹ് ഒന്ന് വേഗം വാ മാമാ”

ആ കവർ തുറന്ന് അതിലെ പൊതി അഴിച്ച് ശ്രീമാൻ ബിരിയാണിയെ മുന്നിലേക്ക് വക്കുന്നത് മാത്രേ ഓർമ്മ ഉള്ളൂ. അത് വാരി തരുന്ന അച്ഛനെ പോലും പിന്നെ ഞാൻ കാണൂല്ല. അതിലുളള മുട്ടയും കഴിച്ച് അച്ഛന്റെ കൈയിൽ പറ്റിയിരിക്കുന്നു ചോറ് പോലും നക്കി തിന്നിട്ടെ ഞാൻ പിന്നെ എഴുന്നേൽക്കൂ. അത് കഴിഞ്ഞ് അപ്പുറത്തെ ഓഫീസിലെ വിജയകുമാർ മാമന്റെ വക ഐസ്ക്രീം കൂടെ ആവുമ്പൊ വന്ന കാര്യങ്ങൾ മുഴുവനായും കുശാലായി…

അച്ഛൻ്റെ ഓഫീസിലെ ആ നീല മാജിക് പേപ്പറും പേപ്പറിൽ തുളയുണ്ടാക്കുന്ന യന്ത്രവുമൊക്കെ പിന്നീട് അത്ഭുതങ്ങളല്ലാതായി മാറിയെങ്കിക്കും അന്ന് തുടങ്ങിയ ആ ബിരിയാണി മൊഹബ്ബത്ത് ഇന്നും ഒരല്പം പോലും കുറയാതെ തുടരുന്നു. ഇന്നും ഏതു പുതിയ സ്ഥലത്തു പോയാലും അവിടെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടൽ അന്വേഷിച്ച്‌ പോകുമെങ്കിലും അച്ചപ്പം ആ നാലുവയസുകാരിക്ക്‌ വാങ്ങി വായിൽ വച്ച് തന്നിരുന്ന ആ ബിരിയാണിയോളം രുചിയുള്ളത് പിന്നീട് കഴിച്ചിട്ടില്ല എന്നതാണ് സത്യം.

ഒരുപക്ഷെ പിന്നീട് കഴിച്ചവയിലൊന്നുമില്ലാത്ത ഒരു ‘ഇൻഗ്രീഡിയന്റ് ‘ അതിൽ ഉള്ളത് കൊണ്ടാവാം. ഒരു ഷെഫിനും ചേർക്കാൻ കഴിയാത്ത ഒന്ന് . ഒരു പക്ഷേ എല്ലാ ‘അച്ഛന്മാർക്കും’ മക്കൾക്കായി മാത്രം ചേർക്കാൻ കഴിയുന്ന ഒരു ‘സ്പെഷ്യൽ സീക്രെട് ഇൻഗ്രീഡിയൻറ്’ …
ഗായത്രി അരുൺ

shortlink

Post Your Comments


Back to top button