News

തല്ലു കിട്ടിയവന്‍ ഊളത്തരത്തിന്റെ ഭീകരവേര്‍ഷനായ ഒരു സാമൂഹ്യവൈറസാണെങ്കില്‍ അവനൊപ്പം തൂങ്ങുന്ന അരാജകവാദികളാണ് തല്ലിയ മൂവരും. ഈ വിഷയത്തില്‍ അയാള്‍ക്കൊപ്പവുമില്ല, അവര്‍ക്കൊപ്പവുമില്ല… അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരിയുടെ റോളില്‍ ഇരുന്നുകൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങളെ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു ഞാന്‍. പാടത്ത് യൂറിയ വിതറുന്നതുപോലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എടുത്ത് സോഷ്യല്‍മീഡിയയിലും ചാനലിലും വിതറുന്ന മനുഷ്യരെ അടപടലം നോക്കിയിരുന്നപ്പോള്‍ മനസ്സിലായ ഒരു കാര്യമുണ്ട്. പതിവുപോലെ തന്നെ അവര്‍ സംസാരിക്കുന്നത് അവരുടെ രാഷ്ട്രീയശരികള്‍ കൊണ്ട് മാത്രമാണ്. തല്ലു കിട്ടിയവന്‍ ഊളത്തരത്തിന്റെ ഭീകരവേര്‍ഷനായ ഒരു സാമൂഹ്യവൈറസാണെങ്കില്‍ അവനൊപ്പം തൂങ്ങുന്ന അരാജകവാദികളാണ് തല്ലിയ മൂവരും. ഈ വിഷയത്തില്‍ അയാള്‍ക്കൊപ്പവുമില്ല, അവര്‍ക്കൊപ്പവുമില്ല .അതിനുള്ള കാരണങ്ങള്‍ തെളിവുസഹിതം എണ്ണിയെണ്ണി പറയുന്നതാണ് നിലവില്‍ എന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ്.

ആ യൂ ട്യൂബറെ കുറിച്ചും അയാളുടെ ചാനലിനെ കുറിച്ചും അറിയുന്നത് ഇന്നലെയാണ്. തല്ലു കിട്ടിയതിനു കാരണമായ വീഡിയോയേക്കാള്‍ അറപ്പും നിന്ദ്യവുമാണ് അയാളുടെ മറ്റ് വീഡിയോകള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ലേബലില്‍ ഏറ്റവും വിഷലിപ്തമായ രീതിയില്‍ ലൈംഗികവൈകൃതങ്ങള്‍ അയാള്‍ വിളമ്പുകയായിരുന്നു ഇത്രയും നാള്‍ ആ ചാനലിലൂടെ. അതിന് ആരാണ് ഉത്തരവാദി? അയാള്‍ മാത്രമാണോ? അല്ല. ഒരു യൂട്യൂബ് ചാനലുണ്ടാക്കി ഏതു വൃത്തിക്കേടും വിളമ്പുക വഴി വ്യൂവേഴ്‌സിനെ കൂട്ടി പണമുണ്ടാക്കാമെന്ന ധൈര്യം അയാള്‍ക്കുണ്ടായത് എങ്ങനെ? അവിടെയാണ് ഈ തല്ലിയവരുടെ ബാക്ക്ഗ്രൗണ്ട് സപ്പോര്‍ട്ട് ഇന്‍ഡയറക്ട് ആയിട്ടാണെങ്കില്‍ കൂടി അയാളിലെ ഞരമ്പുരോഗിക്ക് നല്കിയ ധൈര്യം .
സമൂഹത്തില്‍ ഇതേ രീതിയില്‍ നെഗറ്റീവ് പബ്ലിസിറ്റി സോഷ്യല്‍ മീഡിയ വഴി ചെയ്ത് പ്രശസ്തി നേടിയവരില്‍ ( ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഒഴികെ) പ്രമുഖരാണ് തല്ലിയ മറ്റു രണ്ടു പേര്‍.

ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ എന്തും തുറന്നു കാണിക്കാനും പരസ്യപ്പെടുത്താനുമുള്ള അധികാരം പൊതുസമൂഹത്തിനു നല്കാന്‍ വേണ്ടി നടത്തിയ ആഭാസസമരമായിരുന്നു ചുംബനസമരം. പിന്നീട് വത്തക്കാ സമരമെന്ന പേരില്‍ കാട്ടികൂട്ടിയ പ്രതിഷേധം സമൂഹത്തിനു നല്കിയത് എന്ത് പോസിറ്റീവ് മെസേജ് ആണ്? ചീപ്പ് പബ്ലിസിറ്റിയിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് നേടാമെന്നു സമൂഹത്തെ കാണിച്ചുകൊടുത്തവരെ റോസ്റ്റിങ്ങിലൂടെ ഒരു പടി കൂടി മുന്നില്‍ നിന്നുകൊണ്ട് ആ യൂ ട്യൂബര്‍ താങ്ങി. അവിഹിതങ്ങള്‍ക്ക് പുരോഗമനവാദത്തിന്റെ പുറംതോടുക്കൊണ്ട് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ നവോത്ഥാനനായകര്‍ക്ക് ആര്‍ക്കും തന്നെ ആ യൂ ട്യൂബറെ വിമര്‍ശിക്കാന്‍ അധികാരമില്ല. നിങ്ങളില്‍ പാപം ചെയ്യാത്തവരുണ്ടെങ്കില്‍ മാത്രം അയാളെ കല്ലെറിയട്ടെ.

ലൈംഗികതയുടെ പുത്തന്‍ തുറന്നുപറച്ചില്‍ എന്നു നവോത്ഥാനനായകര്‍ അറഞ്ചം പുറഞ്ചം കൈയ്യടിച്ച സ്വയംഭോഗപോസ്റ്റ്. ഒരൊറ്റ സ്വയം ഭോഗപോസ്റ്റിലൂടെ സെലിബ്രിട്ടിയായ ഫെമിനിസ്റ്റ് പെണ്‍കുട്ടി. പിന്നീട് സെക്‌സ് ടോയ് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നു വള്ളിപുള്ളി വിസര്‍ഗ്ഗം സഹിതം പോസ്റ്റിട്ട് റീച്ച് കൂട്ടിയ ഒരുവള്‍ കാണിച്ച അതേ വഴിയിലൂടെ തന്നെ ആ യൂട്യൂബറും സഞ്ചരിച്ചു. അവളുടെ പോസ്റ്റില്‍ തെറ്റുകുറ്റങ്ങള്‍ കാണാതിരുന്നവര്‍ ഇന്നിതാ നിരന്നുനിന്ന് ആ യൂട്യൂബറെ വിമര്‍ശിക്കുന്നു. സ്വയംഭോഗപോസ്റ്റിടുന്നതും ബോഡി ആര്‍ട്ടെന്ന പേരില്‍ തുണിയുരിയുന്നതും സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രരചന നടത്തുന്നതും
ന്യൂഡ്‌മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും തെരുവുകളിലെ പരസ്യചുംബനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും രാത്രിയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചുറ്റിയടിക്കലും ലിവിങ് ടുഗെദറും താലിപ്പൊട്ടിക്കലുമാണ് പുരോഗമനമെന്നു പറഞ്ഞ് കയ്യടിച്ചുപ്രോത്സാഹനം കൊടുക്കുമ്പോള്‍ നാമറിയുന്നില്ല അത് സുരേഷിനെ പോലുള്ള ഞരമ്പന്മാര്‍ക്ക് നല്കുന്ന മാനസികധൈര്യം.

ഇനി തല്ലിന്റെ കാര്യത്തില്‍ വരാം. സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ, അറപ്പുളവാക്കുന്ന നിരവധി വീഡിയോകള്‍ അപ്ലോഡ് ചെയ്ത വന്ദ്യവയോധികയായ സുഗതകുമാരി ടീച്ചറെ പോലും മ്ലേച്ഛമായി അവഹേളിച്ച ഒരുവനെ പരസ്യവിചാരണ ചെയ്യേണ്ടിയിരുന്നത് ഇങ്ങനൊക്കെയല്ലാതെ വേറെയെങ്ങനെയെന്നു പലരും ചോദിക്കുന്നത് കണ്ടു. തികച്ചും ശരി തന്നെയാണത്. പക്ഷേ ഈ തല്ലാന്‍പ്പോയവരില്‍ ഭാഗ്യലക്ഷ്മി ഒഴികെ മറ്റു രണ്ടുപേര്‍ക്കും എന്ത് ധാര്‍മ്മികതയാണ് ഈ വിഷയത്തില്‍ പറയാനുള്ളത്? പേരെടുത്തു പറഞ്ഞില്ലെങ്കില്‍ കൂടി അയാള്‍ ഉദ്ദേശിച്ചത് ഭാഗ്യലക്ഷ്മിയെയാണെന്ന് അവര്‍ക്ക് ബോധ്യമുള്ളതിനാല്‍ അവര്‍ വീട് കണ്ടുപിടിച്ച് അയാള്‍ക്കിട്ട് രണ്ട് പൊട്ടീര് കൊടുത്തു. ശരി. പക്ഷേ മറ്റു രണ്ടു പേര്‍ക്ക് അതിനുള്ള അവകാശമുണ്ടോ? ഫെമിനിസ്റ്റുകളെ കുറിച്ചുപറഞ്ഞു എന്ന പേരില്‍ അയാളെ തല്ലിയെന്നു വാദിക്കാം. അങ്ങനെയെങ്കില്‍ എന്താണ് ഫെമിനിസം ? ഇടതുപ്രത്യയശാസ്ത്രത്തിനനുകൂലമായി മാത്രം പറയുകയും ഇതരരാഷ്ട്രീയചായ്വുള്ളവരെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന ലോഗോയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ കിട്ടുന്ന ലോഗോ ആണോ അത്?

ഏതൊരു പെണ്ണ് അപമാനിക്കപ്പെട്ടുവെന്നുതോന്നുമ്പോഴും രാഷ്ട്രീയം നോക്കാതെ ,ഇടംവലം നോക്കാതെ ഇതുപോലെ മുമ്പേ പ്രതികരിക്കാനുള്ള തന്റേടവും ആര്‍ജ്ജവവും ദിയയും ശ്രീലക്ഷ്മിയും കാണിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ഇന്നലെ ചെയ്തത് വലിയൊരു ശരിയായേനേ. ട്രാന്‍സ് കമ്മ്യൂണിറ്റിക്കുവേണ്ടി പോരാടുന്ന ദിയ സന സീമയെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് പരസ്യമായി സെക്‌സ്ചാറ്റ് നടത്തിയ സെലിബ്രിറ്റിയുടെ മകനോട് ഇതേ രീതിയില്‍ ആണോ പ്രതികരിച്ചത്? അവിടെ ആ അമ്മയുടെ സ്റ്റാറ്റസ് നോക്കി തണുപ്പന്‍ പ്രതികരണം നടത്തി വേട്ടക്കാരനു മൃദുസമീപനം നല്കി. ഇവിടെ ഭാഗ്യലക്ഷ്മിയെന്ന സെലിബ്രിറ്റിക്കൊപ്പം കൂടി അവരുടെ സ്റ്റാറ്റസ് നോക്കി വേട്ടക്കാരന്റെ വീട്ടിലെത്തി,തല്ലി, തുണി വലിച്ചുരാന്‍ നോക്കി തെറിയഭിഷേകം നടത്തി. പ്രിവിലേജ് മുഖ്യം ബിഗിളേ! ഇതിനേക്കാള്‍ രസം കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നാലഞ്ച് കേസുകള്‍ നിലവിലുള്ള ബിഗ്‌ബോസ് ജേതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരിരുവരും എന്നതാണ്.

സൈബര്‍ എബ്യൂസ് എന്നത് ഒരു വിഭാഗക്കാര്‍ക്ക് മാത്രം മനോഹരമായ പ്രത്യയശാസ്ത്ര പ്രത്യാക്രമണമാകുന്നത് കാണുമ്പോള്‍ ചിലതെങ്കിലും പറയാതെ വയ്യ തന്നെ. അതുകൊണ്ടുതന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെയൊക്കെ രോഷം കാണുമ്പോള്‍ കൂടെ നില്ക്കാനേ തോന്നുന്നില്ല. അഹാനയെന്ന സെലിബ്രിട്ടി പെണ്‍കുട്ടിയേയും അവരുടെ കുടുംബത്തിലെ അമ്മയുള്‍പ്പെടെ നാലു സ്ത്രീകളേയും സൈബറിടങ്ങളില്‍ ദാക്ഷിണ്യമില്ലാതെ പുലഭ്യം പറഞ്ഞപ്പോള്‍ പോസ്റ്റിട്ട് സൈബര്‍ പോരാളികള്‍ക്കൊപ്പം നിന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞ വാചകങ്ങളാണിത്-‘ സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുളള ആളാണ് ഞാന്‍.
അഹാനയുടെ ഒരു വീഡിയോ കണ്ടിരുന്നു സൈബര്‍ ബുളളിങ്ങിനെ പറ്റി. ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ അറ്റാക്കിന് കാരണം. തീര്‍ച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിര്‍ക്കേണ്ടതു തന്നെയാണ്.’ നിങ്ങളുടെ തന്നെ ഇരട്ടത്താപ്പിന്റെ, ഇരവാദത്തിന്റെ വാക്കുകളായിട്ട് ഇത് മുന്നിലുള്ളപ്പോള്‍ ഭാഗ്യം ചേച്ചി, നിങ്ങളുടെ ഇന്നലെത്തെ തെറിവിളിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ലോക്ക്ഡൗണ്‍ പരാമര്‍ശമാണ് അഹാന നേരിട്ട സൈബര്‍ അറ്റാക്കിനു കാരണമെന്നു പറഞ്ഞ നിങ്ങളിലെ ഇടതുപക്ഷവനിത അതിനു കണ്ടെത്തിയ വാദമാണ് കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിര്‍ക്കേണ്ടതു തന്നെയാണ് എന്ന വാചകം. ഇന്നലെ കൊവിഡ്-19 വ്യാപനം മൂര്‍ദ്ധന്യത്തില്‍ നില്ക്കുന്ന തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ റോഡിലെ വീട്ടില്‍ മാസ്‌ക്കില്ലാതെ കാട്ടിക്കൂട്ടിയത് എന്താണ് ചേച്ചി?

ഭാഗ്യലക്ഷ്മി ചേച്ചിയുടെ പോസ്റ്റിലെ ചില വരികള്‍ കാലം അവര്‍ക്കായി തിരികെ നല്കിയ കനത്ത മറുപടിയാണ്. തെറിവിളിയെ കുറിച്ച് ഭാഗ്യം ചേച്ചി പറഞ്ഞത് ഇതാണ്-
‘ചിലരുടെ തന്തക്കും തളളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് തന്തയും തളളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാന്‍ നാളെ നീ എന്ന പോലെ ഇത് നിങ്ങള്‍ക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട’.ഭാഗ്യലക്ഷ്മി.20.7.2020. ഗുളികന്‍ നിന്ന സമയത്ത് ഭാഗ്യം ചേച്ചി എഴുതിയ പോസ്റ്റാണ് അതെന്നു കരുതുന്നു. രണ്ട് മാസത്തിനുള്ളില്‍ അത് സംഭവിച്ചു.

പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നാലു നേരം കൂട്ടിക്കുഴച്ച് മൃഷ്ടാന്നഭോജനമുണ്ണുന്നവര്‍ ഒക്കെയും ഈ പോസ്റ്റ് വായിക്കണം. സ്വയം നിങ്ങളിലെ നിങ്ങളെ വിലയിരുത്തണം. ഭാഗ്യലക്ഷ്മിചേച്ചിയുടെ ഈ ഭാഗവയ്പ്പ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാത്തതിനാലാണ് വെറും ഊളയായ, ആ ഞരമ്പുരോഗിയെ കൈവച്ചിട്ടുപ്പോലും, അയാള്‍ അതര്‍ഹിക്കുന്നെങ്കില്‍പ്പോലും പൊതുസമൂഹം ആ തല്ലിനെതിരെ പ്രതികരിക്കുന്നത്. കാരണം അയാളെപ്പോലെ തന്നെ ഒട്ടും നിലവാരമില്ലാത്തതാണ് തല്ലിയവരുടെ ഇരട്ടത്താപ്പും മുന്‍കാലനടപടികളുമെന്ന് സമൂഹത്തിനു ബോധ്യമുണ്ട്. ദിന്നലിംഗക്കാരിയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അടുത്ത കൂട്ടുകാരിയുടെ മകനില്‍ നിന്നും സൈബര്‍ സെക്‌സ് അബ്യൂസ് ഉണ്ടായപ്പോള്‍ മിണ്ടാതിരുന്ന, വാളയാര്‍,പാലത്തായി മുതല്‍ ഇക്കണ്ട ചൈല്‍ഡ് അബ്യൂസ് നടന്നപ്പോള്‍ ഒക്കെയും വായടച്ചിരുന്ന, മഹാമാരികാലത്ത് അടുത്തടുത്ത ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ മൂന്ന് സ്ത്രീകള്‍ നേരിട്ട മാനഹാനിക്കെതിരെ ഉരിയാടാതിരുന്ന,നിഷാ പുരുഷോത്തമനെതിരെ അറപ്പുളവാക്കുന്ന പോസ്റ്റിട്ട സഖാവിനെയും കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ സഖാക്കളെയും കണ്ടില്ലെന്നു നടിച്ച നിങ്ങളൊക്കെ നടത്തിയ ഇന്നലെത്തെ പൊറാട്ടുനാടകം ഫെമിനിസമല്ല സ്ത്രീകളേ, വെറും തോന്ന്യാസമാണ്.

ഒരു സ്ത്രീയുടെ ആരോപണം അപ്പാടെ വിഴുങ്ങി വടക്കാഞ്ചേരിയിലെ ജയന്തനെന്ന സി.പി.എം പ്രവര്‍ത്തകനെതിരെ ചാനലുകള്‍ തോറും വന്നിരുന്ന് തേജോവധം ചെയ്തപ്പോള്‍,പിന്നീട് ആ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞപ്പോള്‍ അയാളോട് മാപ്പു പറഞ്ഞോ ഈ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്? അന്ന് അയാള്‍ ഇതു പോലെ വീട് കയറി തല്ലിയിരുന്നെങ്കില്‍ ഇന്ന് ഈ സ്ത്രീകള്‍ക്കായി കൈയ്യടിക്കുന്നവര്‍ കൈയ്യടിക്കുമായിരുന്നോ? നിത്യേന മഞ്ച് വാങ്ങി കൊടുക്കുന്ന പത്തു വയസ്സുകാരിയോട് തനിക്ക് കാമം തോന്നുന്നുവെന്നു പറഞ്ഞ പീഡിയോഫീലിനു തല്ലല്ല പരിഹാരം മറിച്ച് മാനസികചികിത്സ നല്കണമെന്നു പറഞ്ഞു പ്രതിരോധിച്ച ദ സെയിം മാനവികവാദികള്‍ വരെ ആ ഇന്നലെ യൂ ട്യൂബര്‍ക്ക് തല്ല് കിട്ടിയതില്‍ അഭിരമിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ തോന്നുന്നത് ഒന്നുമാത്രം. ഇവിടെ തെറ്റും ശരിയും വരെ biased ആണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button