Latest NewsNewsDevotional

ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ : ചെയ്യേണ്ട രീതികൾ അറിഞ്ഞിരിക്കാം

വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച്‌ നടത്തുന്നു. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്‍പ്പായസമാണ് മുഖ്യനിവേദ്യം.

വിഷ്ണുപൂജ ദ്വാദശ നാമംപൂജയും കാലുകഴൂകിച്ചൂട്ടും എന്നപേരില്‍ ഗോദാനാദി ദശദാനങ്ങള്‍, ഫലമൂല ദാനങ്ങള്‍ തുടങ്ങിയവയോടുകൂടി നടത്താറുണ്ട്. പൂജാന്ത്യത്തില്‍ പന്ത്രണ്ടുപേര്‍ക്ക് ദാനവും കാലുകഴുകിച്ചൂട്ടും നടത്തുന്നു. ഷഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക് വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാള്‍തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തുന്നത് ഗ്രഹപ്പിഴാപരിഹാരത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്. ജാതകനെക്കൊണ്ട് യഥാവിധി മന്ത്രങ്ങള്‍ ചൊല്ലിച്ചാണ് ദാനം നിര്‍വഹിക്കേണ്ടത്. ദാനം സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രംതോറും വിഷ്ണുപൂജ നടത്തുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.

ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്. രാവിലെ കുളി കഴിഞ്ഞ് ആദ്യം പൂജ ചെയ്യുക. വാങ്ങുന്ന പൂക്കളേക്കാള്‍ അപ്പോള്‍ പറിച്ചെടുത്ത പൂക്കള്‍ കഴിവതും പൂജയ്ക്കുപയോഗിക്കുക. പ്രസാദത്തിന് നെയ്യു മാത്രം ഉപയോഗിയ്ക്കുക. മറ്റ് എണ്ണകള്‍ ഉപയോഗിക്കരുത്. വിളക്കില്‍ നൂല്‍ത്തിരികള്‍ കഴിവതും ഉപയോഗിക്കരുത്. പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിക്കാം. ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ പൂജയ്ക്കുപയോഗിക്കരുത്. പുതുമയുള്ളവ മാത്രം ഉപയോഗിക്കുക. നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്. നീല വസ്ത്രം ഭഗവാന് സമര്‍പ്പിക്കുകയുമരുത്. നഖം കൊണ്ടു സ്പര്‍ശിച്ച പൂജാദ്രവ്യങ്ങളോ വെള്ളമോ ഭഗവാന് നേദിയ്ക്കരുത്. ഭഗവാന് പൂജ ചെയ്യുന്നത് ഉയര്‍ന്ന പീഠത്തിലിരുന്നാകരുത്. വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്‍ശനവും അരുത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button