KeralaLatest NewsNews

താങ്കളടക്കം മൂന്ന് മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചത് ഏത് യു ഡി എഫ് സമരത്തിൽ പങ്കെടുത്തിട്ടാണ്: തോമസ് ഐസക്കിനോട് ചോദ്യങ്ങളുമായി വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷമാണ് കൊവിഡ് രോഗവ്യാപനത്തിന് കാരണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ മാസം തന്നെ ആരോഗ്യ വകുപ്പുമന്ത്രി സെപ്റ്റംബർ മാസത്തിൽ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുമെന്നും രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നും പറഞ്ഞിരുന്നതല്ലേ. മന്ത്രി ആധികാരികമായി പറയുന്നത് ആരോഗ്യ വകുപ്പിലെ വിദഗ്ദാഭിപ്രായമല്ലേ? അപ്പോൾ രോഗം വ്യാപിച്ചത് പ്രതിപക്ഷത്തിന്റെ സമരം മൂലമാണെന്ന താങ്കളുടെ അഭിപ്രായം എന്തിന്റെയടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിക്കുന്നു. താങ്കളടക്കം മൂന്ന് മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചത് ഏത് യു ഡി എഫ് സമരത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Read also: കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്ക്കും ഇരുട്ടെന്നാണല്ലോ പരാതി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപുള്ള പൂജ സർക്കാർ ചെലവിലല്ലെന്ന് ജി. സുധാകരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ധന കാര്യമന്ത്രി തോമസ് ഐസക്കിനൊരു മറുപടി.
കഴിഞ്ഞ ദിവസം താങ്കൾ ഇട്ട fb പോസ്റ്റിൽ പ്രതിപക്ഷമാണ് കൊവിഡ് രോഗവ്യാപനത്തിന് കാരണമെന്നും, ഇപ്പോൾ സമരം നിർത്തി ഒളിച്ചോടിപ്പോയെന്നും ആക്ഷേപിച്ചിരുന്നു. അതിലെ ഭാഷ കണ്ടിട്ട് താങ്കളാണ് അത് എഴുതിയതെന്ന് ഞാൻ കരുതുന്നില്ല. അത്രക്ക് തരം താഴ്ന്ന രീതിയിലാണ് താങ്കളുടെ കുറിപ്പ്. അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നു.
1. കഴിഞ്ഞ മാസം തന്നെ ആരോഗ്യ വകുപ്പുമന്ത്രി സെപ്റ്റംബർ മാസത്തിൽ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുമെന്നും രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നും പറഞ്ഞിരുന്നതല്ലേ. മന്ത്രി ആധികാരികമായി പറയുന്നത് ആരോഗ്യ വകുപ്പിലെ വിദഗ്ദാഭിപ്രായമല്ലേ? അപ്പോൾ രോഗം വ്യാപിച്ചത് പ്രതിപക്ഷത്തിന്റെ സമരം മൂലമാണെന്ന താങ്കളുടെ അഭിപ്രായം എന്തിന്റെയടിസ്ഥാനത്തിലാണ്?
2. ടി.പി. കൊലക്കേസിൽ പ്രതിയായ കുഞ്ഞനന്തന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് സി പി എം കാർ ഒരുമിച്ച് കൂടിയപ്പോൾ താങ്കളുടെ നാവ് പണയത്തിലായിരുന്നോ?
3. കേരളത്തിൽ യു ഡി എഫ് നടത്തിയതിനേക്കാളും ശക്തമായ സമരങ്ങൾ ബംഗാളിൽ സി പി എം നടത്തിയപ്പോൾ കേന്ദ്രക്കമ്മറ്റി അംഗമായ താങ്കൾ കാശിക്കുപോയോ?
4. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരിൽ നിരവധി അക്രമങ്ങളും കോൺഗ്രസ്സ് ഓഫീസ് തകർക്കലുമൊക്കെയായി സി പി എം അണികൾ അഴിഞ്ഞാടിയപ്പോൾ താങ്കൾ മാവിലായിക്കാരനായി മാറി നിൽക്കുകയായിരുന്നോ?
5. കൊവിഡ് രോഗം വ്യാപകമായി ബാധിച്ച് DYFI സംസ്ഥാന കമ്മറ്റി ഓഫീസ് ദിവസങ്ങളോളം അടച്ചിട്ടത് അവർ ഏത് സമരത്തിൽ പങ്കെടുത്തിട്ടാണ്?
6. താങ്കളടക്കം മൂന്ന് മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചത് ഏത് യു ഡി എഫ് സമരത്തിൽ പങ്കെടുത്തിട്ടാണ്?
7. മന്ത്രിസഭയിൽ അംഗമായിരുന്നു കൊണ്ട് സംസ്ഥാനത്തെ പാവങ്ങൾക്ക് വീട് പണിയാൻ കിട്ടിയ 20 കോടി രൂപയിൽ 4.25 കോടി രൂപ കൈക്കൂലിയായി പോയിട്ടുണ്ട് എന്ന് താങ്കൾ തന്നെ പറഞ്ഞപ്പോൾ ആ വിഷയത്തിൽ ഞങ്ങൾ സമരം ചെയ്തില്ലെങ്കിൽ ജനങ്ങൾ ഞങ്ങളെ എന്ത് പറയുമായിരുന്നു? (4.25 കോടി കൈക്കൂലിയായി കൈമാറിയ വിവരം അറിഞ്ഞിട്ടും അത് പോലീസിൽ പോലും അറിയിക്കാതെ ഒളിച്ചു വച്ച താങ്കളെപ്പറ്റി എനിക്ക് സഹതാപമുണ്ട്)
8. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംസ്ഥാനത്ത് നിരവധി സി പി എം നേതാക്കൾ യോഗം ചേർന്നിട്ടും താങ്കൾ കാണാതെ പോയതെന്തുകൊണ്ട്?
9. സംസ്ഥാന ഭരണത്തിൽ ഈ കൊള്ളയും, അഴിമതിയും നടന്നപ്പോൾ ഖജനാവ് സൂക്ഷിക്കാൻ ഉത്തരവാദിത്വമുള്ളതാങ്കൾ എവിടെയായിരുന്നു ?
10. ധനകാര്യ വകുപ്പിന്റെ പരിശോധന പോലും നടത്താതെ പല അഴിമതി പദ്ധതികളും നടപ്പാക്കിയപ്പോൾ താങ്കൾ നോക്കുകുത്തിയായി നിൽക്കുകയായിരുന്നില്ലേ?
11. പ്രളയ പുനർ നിർമ്മാണത്തിനു വേണ്ടി അനുവദിച്ച 8.15 കോടി രൂപ എറണാകുളം കളക്ടറേറ്റിൽ സഖാക്കൾ കൊള്ളയടിച്ചപ്പോൾ താങ്കൾ മൗനം പാലിച്ചില്ലേ?
12. സ്പ്രിംഗ്ളർ, ഇ- മൊബിലിറ്റി പദ്ധതികളിൽ അഴിമതി നടന്നപ്പോൾ ആ ഫയലുകൾ പോലും കാണാത്ത ധനകാര്യ മന്ത്രിയല്ലേ താങ്കൾ?
ഭരണത്തിൽ നടക്കുന്നതെല്ലാം ഒരു റോളുമില്ലാതെ കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കാൻ വിധിക്കപ്പെട്ട അങ്ങയെക്കുറിച്ച് എനിക്ക് ദുഖമുണ്ട്. ആ വിഷമം തീർക്കാൻ പ്രതിപക്ഷത്തിന് മീതെ കുതിര കയറണ്ട. fb പോസ്റ്റിലൂടെ സങ്കടങ്ങൾ കരഞ്ഞു തീർക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല.

https://www.facebook.com/VDSatheeshanParavur/posts/3483535668372040

 

shortlink

Related Articles

Post Your Comments

Related Articles


Back to top button