KeralaMollywoodLatest NewsNewsEntertainment

ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട, ഇതൊന്നും ചെയ്യുന്നവനല്ല!! എനിക്ക് വേണ്ടി വാദിക്കുന്നത് കമ്യൂണിസ്റ്റ്പാർട്ടിയുടെ വക്കീലാണ്

സ്വകാര്യജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി എന്നാരോപിച്ചു നടി ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് . ഒരാ ളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു. വിവാദവുമായി ബന്ധപ്പെട്ട് സിനിമാക്കാരോ പാർട്ടി പ്രവർത്തികരോ തന്നെ വിളിക്കാത്തതിൽ വേദന ഉണ്ടെന്നും ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും. ഞാനൊരാളെ തല്ലുകയോ എന്നെ ഒരാൾ തല്ലുകയോ ഈ പ്രായം വരെ ഉണ്ടായിട്ടില്ല. ജയിൽ വാർഡൻ പരമേശ്വരൻ പിള്ള എന്ന ആളാണ് എന്റെ അച്ഛൻ. നല്ല ചങ്കൂറ്റവും ആത്മാഭിമാനവും ഉള്ള മനുഷ്യൻ. തിരുവനന്തപുരത്ത് വലിയശാലയിലാണ് ഞാൻ ജനിച്ചത്. എന്റെ അമ്മ ജഗദമ്മയെ നാട്ടുകാർവിളിച്ചിരുന്നത് തങ്കം എന്നാണ്. തങ്കം പോലത്തെ മനസ്സുളള അമ്മ. എനിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഇടിവെട്ടേറ്റാണ് അച്ഛൻ മരിക്കുന്നത്.

പിന്നീട് എൺപത്തിയാറാം വയസ്സിൽ അമ്മ മരിക്കുന്നതുവരെ ഞാൻ നിമിത്തം അമ്മ കരയാൻ അവസരം ഉണ്ടാക്കിയിട്ടില്ല. എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. അമ്മ മരിച്ച് മൂന്നാം വർഷമായപ്പോഴാണ് ഈ കേസിൽ അകപ്പെടുന്നത്. ഇന്നുവരെ ഒരാളെ തല്ലുകയോ തിരിച്ചു തല്ലുകയോ ചെയ്യാതെ ഒരാളുടെ പേരിൽ വാദിയായോ പ്രതിയായോ കോടതിയിൽപോലും കയറാതെ, ആ ഞാൻ ജാമ്യമില്ലാ വകുപ്പിൽ കേസിൽ പെട്ടിരിക്കുകയാണ്. ആ കേസ് എന്തുകൊണ്ടുവന്നു എന്നൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും.

ഞാൻ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളെയും പരിഹസിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്. പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകള്‍ ഇങ്ങനെ, ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും പോലും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല

അടുത്തത്, കള്ളങ്ങൾ പറഞ്ഞു പ്രചരിക്കുന്നു എന്നാണ്. കള്ളം പറഞ്ഞെന്ന് ആരെങ്കിലും പറഞ്ഞാൽ ഈ പണി ഞാൻ വേണ്ടന്നു വയ്ക്കും. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് ഇതൊക്കെ ചെയ്തത്. കേസ് ഏതറ്റം വരെയും പോകട്ടെ. എനിക്ക് വേണ്ടി വാദിക്കുന്നത് കമ്യൂണിസ്റ്റ്പാർട്ടിയുടെ വക്കീലാണ്. കേസിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് മുൻവിധികൾ ഉണ്ടായിരുന്നു. അതൊക്കെ തെറ്റാണെന്ന് മനസിലായി. അനുജനെപ്പോലൊരാൾ ഇതിന്റെ വിവരങ്ങൾ പറഞ്ഞുതന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്ക് മുൻകൂർ ജാമ്യം ലഭിച്ചു.

എന്നെ വേദനിപ്പിച്ച ചില കാര്യങ്ങളുണ്ട്. 17ാം വയസ്സിൽ പാർട്ടി അംഗത്വം കിട്ടിയ ആളാണ് ഞാൻ. സംസ്ഥാനസർക്കാരിന്റെ ക്ഷേമനിധിബോർഡിൽ അംഗം. എന്റെ മകന്റെ പേരിൽ എനിക്ക് നാണംകെടേണ്ടി വന്നിട്ടില്ല. അങ്ങനെയൊരു കമ്യൂണിസ്റ്റുകാരനായ എനിക്കെതിരെ കേസ് എടുക്കുന്നതിനു മുമ്പ് ഇവരാരെങ്കിലും ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. പിണറായി വിജയനെ ദൈവതുല്യനായി കാണുന്ന ആളാണ് ഞാൻ. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്, ജാമ്യമില്ലാ വകുപ്പിട്ട് തെരുവ് ഗുണ്ടയെപ്പോലെ ദിനേശിനെ അറസ്റ്റ് ചെയ്യാൻ ഇവർ ഉത്തരവിട്ടു.

ഇതിനിടെ ഫെഫ്കയിൽ നിന്നും എന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊക്കെ ആത്മാർഥമായി പ്രവർത്തിച്ച ആളാണ് ഞാൻ. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്കയില്‍ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാൻ. ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല. അതിൽ വേദനയുണ്ട്.

ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡിജിപിക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് പേജുള്ള പരാതിൽ ഞാൻ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്. അത് വായിച്ച് അദ്ദേഹം അതിൽ നടപടി എടുക്കട്ടെ. ഇനി എന്റെ പേരിൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകാൻ തയാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button