Latest NewsIndia

ബംഗാളിൽ ബിജെപി റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം

ബംഗാളിൽ ബിജെപി പ്രവർത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണു സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്

കൊൽക്കത്ത :  വ്യാഴാഴ്ച ബംഗാൾ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. സിഖുകാരുടെ വികാരം സർക്കാർ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെ സംഭവം വൻ വിവാദമായി മാറി. ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ 43കാരനായ ബൽവീന്ദർ സിങ് എന്നയാളാണു പൊലീസ് അതിക്രമത്തിന് ഇരയായത്.

സിഖുകാരനുമായി മൽപ്പിടുത്തം നടത്തുന്ന പൊലീസുകാരന്റെ വിഡിയോ സഹിതം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തതോടെ വിഷയത്തിനു ദേശീയപ്രാധാന്യം കൈവന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹർഭജന്റെ ട്വീറ്റ്. എന്നാൽ ബിജെപി റാലിക്കിടെ തോക്കു കൈവശം വച്ചതിനാണു ബൽവീന്ദറിനെ കസ്റ്റഡിയിൽ എടുത്തതെന്നും തോക്ക് പിടിച്ചു വാങ്ങുന്നതിനിടെയുണ്ടായ പിടിവലിക്കിടെ തലപ്പാവ് താഴെ വീഴുകയായിരുന്നുവെന്നും ബംഗാൾ പൊലീസ് ട്വീറ്റ് ചെയ്തു.

സംഭവം ആസൂത്രിതമല്ലെന്നും മതവികാരം വ്രണപ്പെടുത്തിയില്ലെന്നും പോലീസും തൃണമൂൽ കോൺഗ്രസും പറഞ്ഞു. എന്നാൽ പോലീസ് ബിജെപി റാലിക്ക് നേരെ ബോംബ് എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബംഗാളിൽ ബിജെപിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പോലീസ് ഒത്താശയോടെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ചു വിടുകയാണെന്നാണ് ബിജെപി ആരോപണം. നിരവധി ബിജെപി നേതാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്.

read also: ‘രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ എതിരാളികളെ വധിക്കുകയോ സിപിഎം നയം, നിധിന്റെ കൊലപാതകത്തിൽ മന്ത്രിയുടെ പങ്ക്‌ അന്വേഷണ വിധേയമാക്കണം’: സന്ദീപ് വാര്യർ

അവസാനത്തെ ആക്രമണമായിരുന്നു കൗൺസിലർ മനീഷ് ശുക്ലയുടെ കൊലപാതകം. ഇതിനു പിന്നാലെ ബിജെപി വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ ഏറ്റുമുട്ടലുണ്ടായി.

ബംഗാളിൽ ബിജെപി പ്രവർത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണു സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. തൃണമൂൽ വിട്ടു ബിജെപിയിലെത്തിയ ബറാക്പുർ എംപി അർജുൻ സിങ്ങിന്റെ അടുത്തയാളാണു കൊല്ലപ്പെട്ട മനീഷ് ശുക്ല.

shortlink

Post Your Comments


Back to top button