KeralaLatest NewsNews

വെള്ളാപ്പള്ളിയുടെ ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയത; വൈസ് ചാന്‍സലര്‍ നിയമനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

മലപ്പുറം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് രംഗത്ത്. ശ്രീനാരായണ വാഴ്‌സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുനിഷേധമാണെന്നും ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയതയാണെന്നും മുസ്ലീംലീഗ് പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

Read also: എഫ്എടിഎഫ് കരിമ്പട്ടികയിൽ നിന്ന് ഒഴിവാകാൻ ചൈനയുടെ കാല് പിടിച്ച് പാകിസ്താൻ

‘മുസ്ലീം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവകലാശാലയായിട്ടല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പൺ സർവകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി ഗുരുവിന്റെ സമുദായത്തിൽ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്. മുസ്ലീം വി.സിയായതാണ് പ്രശ്‌നമെങ്കിൽ അതിന് മാത്രം എന്തടിസ്ഥാനമാണ് ഉള്ളതെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിയ സംസ്ഥാന സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു.

സമുദായത്തെ പറ്റിക്കുക മാത്രമല്ല, പിന്നിൽനിന്നു കുത്തുകയും ചെയ്തു. സർവകലാശാല ഉദ്ഘാടനച്ചടങ്ങിലോ തലസ്ഥാനത്തു ഗുരുദേവപ്രതിമ അനാഛാദനത്തിലോ എസ്എൻഡിപി യോഗത്തിൽനിന്ന് ആരെയും ക്ഷണിക്കാതെ രാഷ്ട്രീയ മാമാങ്കം നടത്തുകയായിരുന്നു.

മറ്റേതെങ്കിലും സമുദായത്തിന്റെ പേരിലായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാൻ ധൈര്യം കാണിക്കുമോ? ഗുരുദേവ പ്രതിമയും സർവകലാശാലയും സ്ഥാപിച്ചപ്പോൾ സമുദായം ആഹ്ലാദിച്ചു. വൈസ് ചാൻസലർ നിയമനം നിരാശപ്പെടുത്തി. സർവക‌ലാശാല സ്ഥാപിച്ചതിന്റെ ശോഭ കളഞ്ഞ നടപടി സർക്കാരിന്റെ പ്രതിഛായയ്ക്കും മങ്ങലേൽപിച്ചു. നിയമനം മന്ത്രി കെ.ടി.ജലീൽ ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button