Latest NewsNewsEntertainment

പെയിന്റിങ് പണിയിലേക്ക് ചേക്കേറിയ അശോകനെ തേടിയെത്തിയത് വെള്ളിത്തിരയുടെ പുരസ്‌കാരം

അമ്പലപ്പുഴ: സിനിമയെ ഉപേക്ഷിച്ച്‌ പെയിന്റിങ് പണിയിലേക്ക് ചേക്കേറിയ അശോകന് വെള്ളിത്തിരയിലൂടെ തിരുമധുരം. രണ്ടരപ്പതിറ്റാണ്ടായി സിനിമയില്‍ വസ്ത്രാലങ്കരരംഗത്ത് തുടര്‍ന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടില്‍ അശോകന് ( 58) ‘കെഞ്ചിര’ എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ സിനിമ രംഗത്ത് കരകയറാൻ പറ്റാത്തതിനാലാണ് അശോകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിങ് പണിക്കിറങ്ങിയത്.

എന്നാൽ പെയിന്റിങ് ജോലിക്കിടെ ഭാര്യ ഉഷയാണ് ഇവിടെയെത്തി അശോകനെ അവാര്‍ഡു വിവരം അറിയിച്ചത്. വീട്ടില്‍ നിന്നിറങ്ങവെ ഫോണെടുക്കാന്‍ മറന്ന അശോകനെ സംവിധായകന്‍ മനോജ് കാനയാണ് അവാര്‍ഡ് വിവരം അറിയിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച ക്യാമറാമാനുമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് കെഞ്ചിര നേടിയത്.

Read Also:മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍

ആദിവാസി ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കെഞ്ചിരയെന്ന് അശോകന്‍ പറഞ്ഞു. വയനാട്ടിലെ കുറുവ ദ്വീപിലായിരുന്നു 45 ദിവസം നീണ്ട ചിത്രീകരണം. ആഴ്ചകള്‍ക്കു മുമ്ബേ അവിടെയെത്തി ആദിവാസികളുടെ വസ്ത്രരീതികള്‍ അശോകന്‍ ഹൃദിസ്ഥമാക്കുകയായിരുന്നു. മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളുടെയും വസ്ത്രാലങ്കാരം അശോകനായിരുന്നു.

സംവിധായകന്‍ വിനയനാണ് അശോകനെ വസ്ത്രാലങ്കാര രംഗത്തെത്തിച്ചത്. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലാണ് സ്വതന്ത്ര ചുമതലയേല്‍ക്കുന്നത്. മനോജ് ആലപ്പുഴയുടെ സഹായിയായാണ് തുടക്കം. ഇരുന്നൂറിലേറെ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചു. 17ാം വയസില്‍ തയ്യല്‍പ്പണിയാരംഭിച്ച അശോകന് പറവൂര്‍ ജങ്ഷനില്‍ തയ്യല്‍ക്കടയുമുണ്ടായിരുന്നു. സിനിമാരംഗത്ത് തുടരാനാണ് ആഗ്രഹമെന്നും അശോകന്‍ പറഞ്ഞു. മക്കള്‍: അശ്വതി, അശ്വിന്‍ കുമാര്‍.

shortlink

Post Your Comments


Back to top button