KeralaLatest NewsNews

സംസ്ഥാനത്ത് എലിപ്പനി പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗ പ്രതിരോധത്തിനായി നല്‍കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കണമെന്നും രോഗലക്ഷണമുണ്ടായാല്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

Read Also : മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനുവിന് പുതിയ പദവി നൽകി ബിജെപി 

ശരീരത്തില്‍ മുറിവുള്ളപ്പോള്‍ എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്ബര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനി ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാവുന്നതാണെന്നും മുന്നറിയിപ്പുണ്ട്.

രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പു പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും കയ്യുറകളും കാലുറകളും ധരിക്കണം. കൈ കാലുകളില്‍ മുറിവുള്ളപ്പോള്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിയുള്ള ജോലികള്‍ ഒഴിവാക്കണം. മലിന ജലത്തില്‍ നീന്തുകയും ഇറങ്ങി നിന്ന് മീന്‍ പിടിക്കുകയും ചെയ്യരുത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങി കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

ആഹാര സാധനങ്ങളും വെള്ളവും മൂടി വയ്ക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ തുറസായ സ്ഥലത്ത് ഇടുന്നത് എലി പെരുകാന്‍ കാരണമാകുമെന്നതിനാല്‍ അത് ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button