KeralaLatest NewsNews

ശിവശങ്കറിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായി മുഖ്യമന്ത്രിയുടെ ഓഫീസ്

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മൊഴിയും അറസ്റ്റ് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. സ്വര്‍ണ്ണം കടത്തിയ നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കരന്‍ വിളിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു. ഇതോടെ പൊളിയുന്നത് തന്റെ ഓഫീസില്‍ നിന്നും ആരും കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഏക പിടിവള്ളിയാണ്.

കൂടാതെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപാട് ഉണ്ടായിട്ടില്ല എന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനീഷ് പി രാജന്റെ പ്രസ്താവനയും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. അനീഷ് രാജന്റെ പ്രസ്താവനയായിരുന്നു സിപിഎമ്മിന്റെ ഏക ആയുധവും അതെല്ലാം ഇതോടെ വെള്ളത്തില്‍ വരച്ച വരപോലെയായിരിക്കുകയാണ്. ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയതല്ലേ എന്നു പറഞ്ഞ് മുഖ്യമന്ത്രിയും ആരോപണങ്ങളെ നേരിട്ടു. എന്നാല്‍ പിന്നീട് അനീഷ് രാജനെ അന്വേഷണത്തില്‍ നിന്ന് മാറ്റി.

തുടര്‍ന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു തെളിവും ആര്‍ക്കും കണ്ടെത്താനായിരുന്നില്ല. കേസ് അന്വേഷിച്ച എന്‍ഐഎയും കസ്റ്റംസും പലഘട്ടങ്ങളില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇഡിയാണ് നിര്‍ണ്ണായകമായ ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഈ മാസം 15 ന് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button