Latest NewsNewsIndiaEntertainmentKollywood

കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയില്ല, ബിജെപി നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു, സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ പ്രയാസം, 4 വര്‍ഷം നഷ്ടമായി, ഒരു സംഭവം ഉണ്ടായാല്‍ അതിനെ മതപരവും രാഷ്ട്രീയവുമായ വശങ്ങളിലൂടെയാണ് അവര്‍ കാണുന്നത് ; മനസുതുറന്ന് ഖുശ്ബു

കോണ്‍ഗ്രസ് താന്‍ എത്തിയപ്പോഴുണ്ടായിരുന്ന കോണ്‍ഗ്രസല്ല പിന്നീട് കണ്ടതെന്ന് നടിയും മുന്‍ കോണ്‍ഗ്രസ് വക്താവും നിലവിലെ ബിജെപി നേതാവുമായ ഖുശ്ബു. തന്റെ ബിജെപിയിലേക്കുള്ള മനഃമാറ്റത്തെ കുറിച്ചും കോണ്‍ഗ്രസ് വിടാനുണ്ടായ സാഹചര്യത്തെ കുറിച്ചും മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു താരം. 4 വര്‍ഷം ഡിഎംകെയിലും പിന്നീട് 6 വര്‍ഷം കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. അവര്‍ റോഡിലേക്കിറങ്ങിയാല്‍ എത്ര പേരെ ജനം തിരിച്ചറിയും എന്നും ഖുശ്ബു ചോദിക്കുന്നു. എന്നാല്‍ ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയമെന്ന് താരം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ല. അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഓരോ സ്ഥലത്തും ഒരു നേതാവും ചുറ്റിലും കുറച്ചു പേരും ഉണ്ടാകും. അവരുടെ യജമാനന്മാര്‍ ഡല്‍ഹിയിലെ നേതാക്കളാണ്. അവരെ സന്തോഷിപ്പിക്കു മാത്രമാണ് ലക്ഷ്യം അല്ലാതെ ജനത്തെ സന്തോഷിപ്പിക്കലല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എന്തു പറഞ്ഞാലും എതിര്‍ക്കുക എന്നതാണു കോണ്‍ഗ്രസിന്റെ നയം. അവര്‍ നടപ്പാക്കാന്‍ ശ്രമിച്ച ജിഎസ്ടി അടക്കമുള്ള എത്രയോ ബില്ലുകള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍ അതൊന്നും നടപ്പാക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നില്ല. സ്വന്തം കഴിവുകേടിനെ എന്തിനാണ് നടപ്പാക്കുന്നവരോടുളള എതിര്‍പ്പാക്കി മാറ്റുന്നതെന്ന് ഖുശ്ബു മനോരമ ഓണ്‍ലൈനിനോട് സംസാരിക്കവെ ചോദിച്ചു.

അതേസമയം കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണെന്നും അവിടെ താന്‍ കുറെക്കാലം ജീവിച്ചത് ഞാനല്ലാതെയാണെന്നും അവിടെ തന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ലെന്നും താരം വ്യക്തമാക്കി. കോണ്‍ഗ്രസിലെ ആദ്യ 2 വര്‍ഷം നന്നായിരുന്നു. എന്നാല്‍ ബാക്കി 4 വര്‍ഷം തനിക്ക് നഷ്ടമായിരുന്നുവെന്നും ഖുശ്ബു പറയുന്നു.

സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെട്ടാല്‍ അതിനെ മതപരവും രാഷ്ട്രീയവുമായ വശങ്ങളിലൂടെയാണു കോണ്‍ഗ്രസ് കാണുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പീഡനമുണ്ടായാല്‍ ഒരു നയവും മറ്റിടത്ത് വേറെ നയവുമാണ് അവര്‍ കൈക്കൊള്ളുന്നത്. ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് എല്ലാം ചെയ്യുന്നത്. അല്ലാതെ ജനങ്ങളുടെ മൊത്തം പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്നില്ലെന്നും ഏതൊരു സംഭവത്തെയും സമരമാക്കി മാറ്റുകയാണെന്നും അതു തീരുന്നതോടെ ബാക്കി എല്ലാം മറക്കുമെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് മുന്‍ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ബിജെപി നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ എട്ടോ പത്തോ ആളുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതു വലിയ ആള്‍ക്കൂട്ടമായി മാറിത്തുടങ്ങി. രാജ്യത്തെ 70 കോടിയോളം ജനങ്ങള്‍ രണ്ടു തവണ ബിജെപി എന്ന പാര്‍ട്ടിയെയും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെയും അധികാരത്തിലേറ്റിയെന്നത് നാീം മനസിലാക്കേണമെന്നും താരം വ്യക്തമാക്കി. ട്രിപ്പിള്‍ തലാക്ക് പോലുള്ള കാര്യങ്ങളില്‍ ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നുവെന്നു പറഞ്ഞ് ഒരു ശക്തമായ നിലപാടെടുക്കാന്‍ പോലും കോണ്‍ഗ്രസിനായില്ലെന്നും ഇവര്‍ കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍നിന്നു പഠിക്കുന്നില്ലെന്നും എതിര്‍ക്കാന്‍ വേണ്ടി എതിര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് ഗുണമുള്ള കാര്യങ്ങളെ പോലും എതിര്‍ക്കുകയാണെന്നും ഖുശ്ബു വിമര്‍ശിച്ചു.

അതേസമയം നിലവില്‍ തനിക്ക് പാര്‍ട്ടിയില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും പാര്‍ട്ടി എന്തു ചെയ്യാന്‍ പറയുന്നതെന്തോ അതു ചെയ്യുമെന്നും ഒന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടല്ല താന്‍ വന്നിട്ടുള്ളത്. താന്‍ ഒരു പാര്‍ട്ടിയിലും പദവി ചോദിച്ചു വാങ്ങിയിട്ടില്ല. തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞു മനസിലാക്കിയതെന്നും തന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തുവെന്നും ഖുശ്ബു സുന്ദര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button