KeralaMollywoodLatest NewsNewsEntertainment

ഞാനുൾപ്പടെയുള്ള കലാകാരികൾക്കു വേണ്ടത് സ്വാതന്ത്ര്യമാണ് … സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്ര്യം …!!

കലാകൗമുദിയിൽ സൂര്യാ കൃഷ്ണമൂർത്തി എഴുതിയ അന്നപൂർണാദേവിയെക്കുറിച്ചുള്ള കുറിപ്പ് എൻ്റെ മനസ്സിൽ വേദനയുടെ നെരിപ്പോടാണ് സമ്മാനിച്ചത് …വായിച്ച് ഏറെ കഴിഞ്ഞെങ്കിലും നെരിപ്പോട് എരിഞ്ഞു കൊണ്ടേയിരിക്കുന്നു …വായിക്കേണ്ടിയിരുന്നില്ലെന്നു് ഇപ്പോൾ തോന്നുന്നു …

സ്നേഹത്തോടെ എന്നും കൂടെ നിന്ന എൻ്റെ ഭർത്താവില്ലായിരുന്നെങ്കിൽ,
ഞാൻ എവിടെ എത്തിപ്പെട്ടേനെയെന്ന് ഭയത്തോടെ ഒരു നിമിഷം ഓർത്തു പോയി …

ഒരു ഗായിക എന്ന നിലയിലും, ഒരു ഭാര്യ എന്ന നിലയിലും ,സൂര്യാ കൃഷ്ണമൂർത്തിയുടെ ഈ കുറിപ്പ് എന്ന അസ്വസ്തയാക്കി …ഉടൻ തന്നെ ഗൂഗിളിൽ കയറി അന്നപൂർണാദേവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരക്കി. വിവാഹ സമയത്ത് എടുത്ത ചിത്രങ്ങൾ അതിലുണ്ടു് ..തുടുത്ത കവിളും , സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകളും, കുട്ടിത്തമുള്ള മുഖശ്രീയും, സന്തോഷം നൃത്തമാടുന്ന ചലനങ്ങളും ….

ശരീരഭാഷയിൽ നിന്നു് മനസ്സിലാക്കാം , അവർ എത്ര മാത്രം സന്തോഷവതിയാണെന്ന് …
ജനിച്ചു വീണ മതവും ,ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്കിയ സംഗീതവും ,സന്തോഷത്തോടെ ബലി കഴിച്ച് നേടിയ പ്രണയ സാക്ഷാത്കാരത്തിൻ്റെ തുടിപ്പുകൾ അവരുടെ മുഖത്ത് നിന്നു വായിച്ചെടുക്കാം. ..

ഇനി , തുടർന്നുള്ള ചിത്രങ്ങൾ ശ്രദ്ധിക്കക …
എല്ലാം തകർന്ന , കശക്കി യെറിയപ്പെട്ട , ഒരു സ്ത്രീയുടെ നിസ്സഹായതയുടെ ചിത്രങ്ങളാണ് പിന്നീടുള്ളത് …

കൂടുതൽ കാണാൻ എനിക്കു കെല്പുണ്ടായില്ല …

പണ്ഡിറ്റ് രവിശങ്കറുടെ സംഗീതത്തിൽ കണ്ട സൗന്ദര്യം ജീവിതത്തിൽ ഇല്ലാതെ പോയല്ലോ എന്നോർത്തു പോയി …

എം.എസ്.സുബ്ബലക്ഷ്മിക്കും, ഇത്രക്കും ആഴത്തിലുള്ളതല്ലെങ്കിലും , വീഴ്ച ഉണ്ടായിട്ടുണ്ട്.
പാടാനുള്ള സ്വാതന്ത്ര്യം പട്ടാള ചിട്ടയോടെ അനുവദിച്ചിരുന്നെങ്കിലും , പല കാര്യങ്ങളിലും സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങുണ്ടായിരുന്നു …

ഞാനുൾപ്പടെയുള്ള കലാകാരികൾക്കു വേണ്ടത് സ്വാതന്ത്ര്യമാണ് …
സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്ര്യം …
അതില്ലാതായാൽ കൂട്ടിലെ തത്തക്ക് പാടാനാവില്ല …

പ്രണയിനിയുടെ ഉയർച്ചയിൽ അഭിമാനിക്കുന്നവനാണ് യഥാർത്ഥ പ്രണയിതാവു് …

അതില്ലാതെ പോയ എത്രയോ കലാകാരികളുണ്ടാവും നമ്മുടെ നാട്ടിൽ ..
മോഹങ്ങളെല്ലാം മനസ്സിൽ തന്നെ സംസ്കരിച്ചവർ …
സിദ്ധികളെയെല്ലാം, സ്വയം, പകയോടെ ചുട്ടുകരിച്ചവർ …

‘നുറുങ്ങുവെട്ട’ത്തിലെ ഈ കുറിപ്പ് വായിച്ച് , പ്രക്ഷുബ്ധമായ എൻ്റെ മനസ്സിനെ ശാന്തമാക്കാൻ വേണ്ടി മാത്രമെങ്കിലും ഞാൻ ഇത്രയും എഴുതട്ടെ …

എല്ലാ അർത്ഥത്തിലും അന്നപൂർണാദേവി പണ്ഡിറ്റ് രവിശങ്കറെ തോല്പിച്ചിരിക്കുന്നു…

കാലം തെളിയിച്ച സത്യമാണത് …

സുജാത മോഹൻ
ഗായിക

shortlink

Post Your Comments


Back to top button