NewsDevotional

ഗുരുവായൂരപ്പന് പ്രിയങ്കരമായ മഞ്ജുളാലും,തുളസിമാലയും ; ഐതിഹ്യം അറിയാം

കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍. ദിവസവും നിരവധി ഭക്തജനങ്ങളാണ് ഭഗവാനെ കാണാനായി എത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവരും കണ്ടിട്ടുണ്ടാവും ക്ഷേത്ര പരിസരത്തുള്ള മഞ്ജുളാല്‍. എന്നാല്‍ ഈ ആല്‍മരത്തിന് എങ്ങിനെ ഈ പേര് വന്നു എന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു ഭക്തയുടെ കഥ. ഗുരുവായൂര്‍ ക്ഷേത്രത്തോട് അടുത്ത് താമസിച്ചിരുന്ന ഒരു വാരസ്യാര്‍ പെണ്‍കുട്ടിയായിരുന്നു മഞ്ജുള. ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും അടുത്ത ഭക്ത കൂടിയായിരുന്നു അവള്‍. എന്നും ക്ഷേത്രത്തില്‍ വരുമ്പോള്‍ ഭഗവാനു ചാര്‍ത്താനായി തുളസിമാല കൊണ്ടു വരുമായിരുന്നു അവള്‍. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയുടെ കൂടെ ക്ഷേത്രത്തിലേക്ക് വരുമ്പോള്‍ ഭഗവാന് നല്‍കാനായി ഒരു പുഷ്പം പോലുമില്ലാതെ മഞ്ജുള ക്ഷേത്രത്തിലേക്ക് വരില്ലായിരുന്നു.

മുതിര്‍ന്ന ശേഷം അവള്‍ എന്നും ഭഗവാന് തുളസിമാലയുമായാണ് ക്ഷേത്ര ദര്‍ശനം നടത്താറുളളത്. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു മഞ്ജുളയുടെ ജീവിതം എന്നാല്‍ ഇതൊന്നും അവള്‍ക്കൊരു ഒരു പ്രശ്‌നമായിരുന്നില്ല. ഭഗവാനെ പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവള്‍ക്ക് ഏറ്റവും വലിയ കാര്യം. ഒരു ദിവസം അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് ക്ഷേത്രത്തിലെത്താന്‍ മഞ്ജുള വളരെ വൈകി. ക്ഷേത്രത്തില്‍ എത്തുമ്പോഴേക്കും ഭഗവാന്റെ തിരുനട അടച്ചു. താന്‍ കൊണ്ടു വന്ന തുളസിമാല തിരിച്ചു കൊണ്ടു പോകേണ്ടി വരുമല്ലോ എന്നോര്‍ത്ത് മഞ്ജുള ഏറെ സങ്കടപ്പെട്ടു. ആ സമയമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ പൂന്താനം നമ്പൂതിരി മഞ്ജുളയെ കാണുന്നത്.

മഞ്ജുളയുടെ വിഷമം മനസിലാക്കിയ നമ്പൂതിരി ഒരു സങ്കടപ്പെടേണ്ട എന്നും ഭഗവാന്‍ ക്ഷേത്രത്തിനകത്ത് മാത്രമല്ല എല്ലായിടത്തും ഉണ്ടെന്നും അതു കൊണ്ട് ഭഗവാനെ സങ്കല്‍പ്പിച്ച് ക്ഷേത്രത്തിന്റെ അടുത്തുള്ള ആലില്‍ മാല ചാര്‍ത്താനും പൂന്താനം പറഞ്ഞു. ഇതുകേട്ട് മഞ്ജുള ക്ഷേത്രത്തിന്റെ അടുത്തുള്ള ആലില്‍ മാല ചാര്‍ത്തി പ്രാര്‍ത്ഥിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം പൂജാരി ക്ഷേത്രനട തുടര്‍ന്ന് തലേ ദിവസത്തെ മാലയെല്ലാം മാറ്റി. എന്നാല്‍ ഒരു മാല മാത്രം എത്ര മാറ്റിയിട്ടും ഭഗവാന്റെ കഴുത്തില്‍ തന്നെ കിടക്കുന്നു. ഇതു കണ്ടുനിന്ന പൂന്താനം നമ്പൂതിരി പൂജാരിയോട് നടന്ന കാര്യം പറഞ്ഞു. ആലില്‍ ചാര്‍ത്തിയ മാല എടുത്തതിനു ശേഷമാണ് ഭഗവാന്റെ കഴുത്തില്‍നിന്നും ആ തുളസിമാല മാറിയത്. മഞ്ജുളയുടെ ആ മാല ഭഗവാന്‍ സ്വീകരിച്ചു. ഇത് അറിഞ്ഞ മഞ്ജുള ഏറെ സന്തോഷവതിയായി. അതിനു ശേഷം ഈ ആല്‍ മരം മഞ്ജുളാല്‍ എന്ന പേരില്‍ അറിയപ്പെട്ടു.

 

shortlink

Post Your Comments


Back to top button