Latest NewsArticleNewsWomenLife Style

59 വര്‍ഷം മുമ്പ് വീട്ടിലെ പട്ടിണി മാറ്റാന്‍ സിമന്റും മെറ്റലും കുഴക്കാന്‍ ഇറങ്ങി, വര്‍ഷങ്ങള്‍ക്കിപ്പുറം തൃശൂരിലെ മിക്ക കെട്ടിടങ്ങളുടെയും നിര്‍മ്മാണം തേടിയെത്തുന്നത് ഈ 89 കാരിയിലേക്ക് ; വാര്‍ധക്യം പോലും തോറ്റുപോയ കത്രീന ചേച്ചിയുടെ ജീവിതം

സ്ത്രീകള്‍ വീട്ടില്‍ മാത്രം ഒതുങ്ങി കൂടേണ്ടതാണ് എന്ന് കരുതുന്നവര്‍ക്കും പുറത്ത് പോയി ജോലിയെടുക്കാന്‍ പേടിക്കുന്നവര്‍ക്കും അധ്വാനിച്ച് ജീവിക്കാന്‍ മടിയുള്ളവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് പൂങ്കുന്നം ഹരിനഗറിലെ കാട്ടുക്കാരന്‍ വീട്ടിലെ കത്രീന ചേച്ചി. 89 വയസായെങ്കിലും ഇപ്പോഴും ഏതൊരാളും കത്രീന ചേച്ചിക്ക് മുന്നില്‍ കൈക്കൂപ്പി പോകും. വീട്ടിലെ പട്ടിണിയകറ്റാന്‍ ഇറങ്ങി തിരിച്ച കത്രീന ചേച്ചി ഇപ്പോള്‍ തൃശൂരിലെ മിക്ക കെട്ടിടങ്ങളുടെയും നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുകയാണ്. തൃശൂരിലെ മിക്ക കെട്ടിടങ്ങളിലും കോണ്‍ട്രാക്ടര്‍ കത്രീന ചേച്ചിയുടെയും സംഘത്തിന്റെയും വിയര്‍പ്പിനാല്‍ ഉയര്‍ന്നു വന്നവയാണ്.

വെളുപ്പിന് നാലിന് ഓട്ടോയില്‍ പുറപ്പെടുന്നതോടെയാണ് കത്രീന ചേച്ചിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. മകന്‍ വര്‍ക്കി, മകള്‍ ഫിലോമിന, പേരക്കുട്ടി സഞ്ജു എന്നിവരും സംഘത്തിലുണ്ടാകും. തൃശൂര്‍ നഗരത്തിലെ മിക്ക കെട്ടിടങ്ങളുടെയും നിര്‍മ്മാണം തേടിയെത്തുന്നത് കത്രീന ചേച്ചിയിലേക്കാണ്. 59 വര്‍ഷം മുമ്പ് വീട്ടിലെ പട്ടിണി മാറ്റാന്‍ സിമന്റും മെറ്റലും കുഴക്കാനിറങ്ങിയതായിരുന്നു കത്രീന ചേച്ചി. വര്‍ഷങ്ങള്‍ക്കിപ്പുറം തൃശൂരിലെ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് കെട്ടിടം, അമല ആശുപത്രി, രാഗം തിയേറ്റര്‍, സിറ്റി സെന്റര്‍, പൂങ്കുന്നം മേല്‍പ്പാലം, ചാലക്കുടി പാലം, പൊന്നാനിയിലെ വസന്തം തിയേറ്റര്‍ തുടങ്ങി കത്രീന ചേച്ചിയുടെ വിയര്‍പ്പില്‍ ഉയര്‍ന്നു വന്ന കെട്ടിടങ്ങള്‍ നിരവധിയാണ്.

എപ്പോള്‍ വിളിച്ചാലും എവിടെയും ജോലിക്കെത്തുന്ന മുപ്പതോളം പേരുണ്ട് കത്രീന ചേച്ചിക്ക് കീഴില്‍. പണിക്ക് വേണ്ട എല്ലാ വസ്തുക്കളും സ്വന്തമായി തന്നെ ഇവര്‍ക്കുണ്ട്. 89 വയസായെങ്കിലും ഇപ്പോഴും ഒരു പല്ലുപോലും കൊഴിഞ്ഞു പോയിട്ടില്ല. മാത്രവുമല്ല കേള്‍വി ശക്തിക്കും കാഴ്ച ശക്തിക്കും ഒരു കുറവുമില്ല. കൂടാതെ യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. പണി തുടങ്ങിയാല്‍ മുന്നില്‍ തന്നെയുണ്ടാകും ഈ 89 കാരി. പണ്ടത്തെ നാലാം ക്ലാസുകാരിയായ കത്രീന ചേച്ചിക്ക് എല്ലാ കോണ്‍ട്രാക്ടുകളുടെയും കണക്കും കാര്യങ്ങളും എല്ലാം എഴുതുന്നത് സ്വയമാണ്. അതും വളരെ കൃത്യമായി തന്നെ.

അതേസമയം പുതു തലമുറയിലെ സ്ത്രീകളോട് കത്രീന ചേച്ചിക്ക് പറയാന്‍ ഒന്നേയൊള്ളൂ. എന്ത് അധ്വാനിച്ചാലും ജീവിക്കാന്‍ പഠിക്കുക. ഈ പ്രായത്തിലും ഞാന്‍ നാല് മണിക്ക് എണീറ്റ് ജോലി ചെയ്യുന്നുണ്ടെങ്കില്‍ എല്ലാവരും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം എന്നാണ് കത്രീന ചേച്ചിക്ക് പറയാനുള്ളത്.

ഇവരുടെ ഭര്‍ത്താവ് 20 വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. തന്റെ ഈ അധ്വാനത്തിവിടയില്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമായി നാല് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട് കത്രീന ചേച്ചി. സ്വന്തമായി എന്തുണ്ടെന്ന ചോദ്യത്തിന് ചേറൂര്‍ പള്ളിയില്‍ തനിക്ക വിശ്രമിക്കാന്‍ പാകത്തിന് ഒരു കല്ലറ പണിതിട്ടുണ്ട് എന്നാണ് ചെറു പുഞ്ചിരിയോടെ പറയുന്നത്.

കത്രീന ചേച്ചി ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്. സ്ത്രീകള്‍ വീട്ടില്‍ തളച്ചിടപെടേണ്ടി വരുന്നവരാണെന്ന് പറഞ്ഞ് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്കു ഈ ജീവിതം കണ്ടു പഠിക്കാം. പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവര്‍ക്കും കത്രീന ചേച്ചിയെ മാതൃകയാക്കാം.

Related Articles

Post Your Comments


Back to top button