CricketLatest NewsNewsSports

ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

ദുബായ്: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചായ രണ്ടാം ഫൈനലാണിത്. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 200/5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 143/8.

201 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നിര ബാറ്റ്‌സ്മാന്‍മാന്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ധവാനും പൃഥ്വി ഷായും രഹാനയും പൂജ്യത്തിന് മടങ്ങി. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ(0) ഡീകോക്കിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ടാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അജിങ്ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഡല്‍ഹിക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവര്‍ മെയ്ഡനുമാക്കി ബോള്‍ട്ട്.

രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ബുംമ്രയും മോശമാക്കിയില്ല. രണ്ടാം പന്തില്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ(0)ബൗള്‍ഡാക്കി ബുമ്ര തുടങ്ങി. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്‌സിന് ശ്രമിച്ച് പന്ത്(9 പന്തില്‍ 3) മടങ്ങി. കൂട്ടത്തകര്‍ച്ചയിലായ ഡല്‍ഹി ഇന്നിംഗ്‌സില്‍ അല്‍മെങ്കിലും പിടിച്ചുനിന്നത് മാര്‍ക്കസ് സ്റ്റോയിനസും(46 പന്തില്‍ 65), അക്‌സര്‍ പട്ടേലും(32 പന്തില്‍ 42) ആയിരുന്നു.

എന്നാല്‍ സ്റ്റോയിനസിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര വീണ്ടും ആധിപത്യം സ്ഥാപിച്ചു. ഡാനിയേല്‍ സാംസിനെ(0) കൂടി പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. അക്‌സര്‍ പട്ടേലിനെ പുറത്താക്കി പൊള്ളാര്‍ഡ് മുംബൈയുടെ വിജയം ഉറപ്പിച്ചു. മുംബൈക്കായി ബുമ്ര നാലോവറില്‍ 14 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് രണ്ടോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ബുമ്ര 27 വിക്കറ്റുമായി ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്റെയും ( 38 പന്തില്‍ 51 ) ഇഷാന്‍ കിഷന്റെയും ( 30 പന്തില്‍ 55* ) അര്‍ധസെഞ്ചുറികളുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെ (14 പന്തില്‍ 37* ) വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ഡല്‍ഹിക്കായി അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button