KeralaLatest NewsNews

പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു, നിരവധി കേസുകളിൽ പ്രതി; സോബിയ്‌ക്കെതിരെ സിബിഐ

തിരുവനന്തപുരം: കലാഭവൻ സോബിയ്‌ക്കെതിരെ സിബിഐ. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സോബി പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് അന്വേഷകരുടെ വിലയിരുത്തൽ. കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി പിന്നീട് അവിടം വിട്ടു സ്വന്തം ട്രൂപ്പ് തുടങ്ങി. സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ കേസുണ്ട്. സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ തീരുമാനിച്ചു.

നുണ പരിശോധനാ ഫലം വിശകലനം ചെയ്തപ്പോഴും സോബിയുടെ മൊഴി വിശ്വസനീയമല്ലെന്നാണു സിബിഐ വിലയിരുത്തൽ. മാത്രമല്ല, അപകടസ്ഥലത്തു സോബി കണ്ടെന്നു പറഞ്ഞയാൾ ആ സമയത്തു ബെംഗളൂരുവിലായിരുന്നെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലായിരുന്നു. എന്നാൽ ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലാണ് സിബിഐയും എത്തുന്നത്. അപകടസ്ഥലത്തു സ്വർണക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല.

Read Also: ഹീര ബാബുവിനെ പൂട്ടിയത് ബിജെപി വൈസ് പ്രസിഡന്റ്

2018 സെപ്റ്റംബർ 25 ന് പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം പുലർച്ചെയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അദ്ദേഹവും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതര പരുക്കേറ്റു. ഈ അപകടത്തിനു പിന്നാലെ അതുവഴി കാറിൽ പോയ താൻ ദുരൂഹ സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടെന്നായിരുന്നു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീടു തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ച ഡിആർഐ സംഘം കള്ളക്കടത്തുകാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ അതിലൊരാൾ അന്ന് അപകടസ്ഥലത്തുണ്ടായിരുന്നെന്നും മൊഴി നൽകിയിരുന്നു. താൻ സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപു ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണു സോബി സിബിഐക്കു മൊഴി നൽകിയത്. സോബി അടിക്കടി പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്ത അവസ്ഥയിലാണ് അന്വേഷകർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button