KeralaLatest NewsNews

സിഎജിക്കെതിരായ പരാമര്‍ശം ; കേരളം ഇന്ത്യയിലാണെന്ന് തോമസ് ഐസക് മറക്കരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാണിച്ച സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ഓര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അഴിമതി തുറന്ന് കാണിച്ചതിനാണ് സി.എ.ജിയെ പോലെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ കള്ളകളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല. സര്‍ക്കാര്‍ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാന്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുണ്ടെന്നും, ഈ തത്വം മറികടന്ന് വികസന പദ്ധതികളുടെ ഫയല്‍ ആവശ്യപ്പെടാനുള്ള അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇല്ലെന്നുമൊക്കെയാണ് എന്‍ഫോഴ്സ്മെന്റ് ലൈഫ് മിഷന്റെയടക്കം ഫയലുകള്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ധനമന്ത്രി തന്നെ കിഫ്ബി വായ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള സി.എ.ജി തയാറാക്കിയ കരട് റിപ്പോര്‍ട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറയുന്നത് അപഹാസ്യമാണ്. സര്‍ക്കാരിന്റെ അഴിമതികള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ആര് വന്നാലും അത് സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സി.എ.ജിക്കെതിരെയും സമരം ചെയ്യാന്‍ സി.പിഎം തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ധനകാര്യമന്ത്രി തോമസ് ഐസക്ക് നടപ്പിലാക്കുന്ന പലപദ്ധതികളും വന്‍അഴിമതിയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി.പി.എം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നുണ്ട്. കിഫ്ബിയില്‍ ഒരു ഓഡിറ്റിം?ഗും ടെണ്ടര്‍ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികള്‍ വരെ ടെണ്ടര്‍ വിളിക്കാതെ ഊരാളുങ്കലിന് കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകള്‍ ഇ.ഡി അന്വേഷിച്ചാല്‍ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. കിഫ്ബിയില്‍ നടന്ന കൊള്ളകള്‍ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് അസഹിഷ്ണുത വന്നത്. കിഫ്ബിയിലേക്കുള്ള വരവും ചെലവും ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button